സ്വന്തം ലേഖകൻ: ലോകമെമ്പാടും ആരാധകരുള്ള ഈ ദശാബ്ദത്തിലെ ഏറ്റവും ഹിറ്റ് ബാൻഡുകളിൽ ഒന്നാണ് ദക്ഷിണ കൊറിയൻ ബോയ് ബാൻഡായ ബാങ്താൻ സൊന്യോന്ദാൻ അഥവാ ബി.ടി.എസ്. കഴിഞ്ഞ 12 വർഷങ്ങളായി തൊട്ടതെല്ലാം പൊന്നാക്കി കൊണ്ടുള്ള ജൈത്രയാത്രയിലായിരുന്നു ബിടിഎസ്. ഇപ്പോഴിതാ, ബിടിഎസ് ആരാധകരെ സങ്കടപ്പെടുത്തുന്ന ഒരു വാർത്തയാണ് വരുന്നത്. അനിശ്ചിതകാല അവധിയിൽ പ്രവേശിക്കുകയാണ് ബാൻഡ് അംഗങ്ങൾ.
വ്യക്തിഗത കരിയർ പിന്തുടരാൻ ‘അനിശ്ചിതകാല ഇടവേള’ എടുക്കുമെന്നാണ് ചൊവ്വാഴ്ച ബിടിഎസ് അംഗങ്ങൾ പ്രഖ്യാപിച്ചത്. അതേസമയം, ഒമ്പത് വർഷമായി ഒരുമിച്ച് പ്രവർത്തിക്കുന്ന ബാൻഡ് പിരിച്ചുവിടുന്നില്ലെന്നും എപ്പോഴെങ്കിലും മടങ്ങിവരുമെന്നും ബിടിഎസ് മെമ്പേഴ്സ് വ്യക്തമാക്കി. ബിടിഎസിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സ്ട്രീം ചെയ്ത ‘ഫെസ്റ്റ’ ഡിന്നറിനിടെയാണ് പ്രഖ്യാപനം.
2010ൽ ആണ് ദക്ഷിണ കൊറിയയിലെ ഏഴ് യുവാക്കൾ ചേർന്ന് ബി.ടി.എസ് ബാൻഡിന് രൂപം നൽകിയത്. വി, സുഗ, ജങ് കൂക്ക്, റാപ്പ് മോൺസ്റ്റർ, ജെ-ഹോപ്, ജിൻ, ജിമിൻ എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. 2013ൽ പുറത്തിറങ്ങിയ ‘നോ മോർ ഡ്രീം’ എന്ന ആദ്യ ആൽബത്തോടെയാണ് ഇവർ സംഗീതലോകത്ത് തങ്ങളുടെ വരവറിയിച്ചത്. 2019-ൽ ലോകത്തിലെ ഏറ്റവും സ്വാധീനം ഉള്ള വ്യക്തികളുടെ ലിസ്റ്റിലും ബിടിഎസ് ഇടം നേടിയിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല