സ്വന്തം ലേഖകൻ: മങ്കിപോക്സ് പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ലോകത്തിന്റെ പലഭാഗങ്ങളിലും വൈറസ് പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിത്. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ അടുത്തയാഴ്ച്ച യുഎൻ ഹെൽത്ത് ഏജൻസി അടിയന്തിര യോഗം വിളിച്ചു ചേർക്കുന്നുണ്ട്.
ജൂൺ എട്ടുവരെയുള്ള കണക്കുകൾ പ്രകാരം 2821 പേരെയാണ് മങ്കിപോക്സ് ബാധിച്ചിരിക്കുന്നത്. യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ 1285 മങ്കിപോക്സ് കേസുകളാണുള്ളത്. കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, കോംഗോ, ലൈബീരിയ തുടങ്ങിയ എട്ടോളം ആഫ്രിക്കൻ രാജ്യങ്ങളിലും രോഗം പടരുന്നുണ്ട്. രോഗം പടരുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ 72 മരണമാണ് ജൂൺ എട്ടുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്ഥിതി കൈവിട്ടുപോകുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും വേണ്ട നടപടി കൈക്കൊള്ളേണ്ട സമയമായെന്നും ലോകാരോഗ്യസംഘന ഡയറക്ടർ ജനറൽ ടെഡ്രോസ് അദനോം ഗബ്രിയേഷ്യസ് പറഞ്ഞു.
കോവിഡിനോളം അപകടകാരിയല്ല മങ്കിപോക്സ് എങ്കിലും രോഗംബാധിച്ച ഒരാളെ കൃത്യമായി ഐസൊലേറ്റ് ചെയ്യുന്നതിൽ തുടങ്ങി അപകടസാധ്യതയുള്ളവരെ മാറ്റിനിർത്തുക, ടെസ്റ്റുകൾ വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കേണ്ടതുണ്ടെന്നും വിദഗ്ധർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല