1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2022

സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,26,469 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,23,303 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

99.26ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണ. 44,363 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 1,25,509 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. കോവിഡ് കാരണം കലാ-കായിക മത്സരങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടില്ല

കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.07%. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാല (99.94%). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍ (97.98%). ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം (3024).

മലപ്പുറം ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്‌ ആണ് കൂടുതല്‍ കൂട്ടികള്‍ പരീക്ഷയെഴുതിയ സെന്റര്‍. 2104 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതിയ സെന്റര്‍-എച്ച്.എം.എച്ച്. എസ്.എസ് രണ്ടാര്‍ക്കര എറണാകുളം ( ഒരു കുട്ടി),സെന്റ് റോസെല്ലാസ് ഇംഗ്ലീഷ് സ്‌കൂള്‍, പൂമാല വയനാട് ( ഒരു കുട്ടി)

എസ്.എസ്.എല്‍.സി പ്രൈവറ്റ് (പുതിയ സ്‌കീം) വിഭാഗത്തില്‍ 275 പേര്‍ പരീക്ഷ എഴുതിയവരില്‍ 206 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം (74.91%). എസ്.എസ്.എല്‍.സി പ്രൈവറ്റ് (പുതിയ സ്‌കീം) വിഭാഗത്തില്‍ 134 പേര്‍ പരീക്ഷ എഴുതിയവരില്‍ 95 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം (70.9%).

ഗള്‍ഫ് സെന്ററുകളിലെ വിജയശതമാനം 98.25 ആണ്. ആകെ ഒന്‍പത് വിദ്യാലയങ്ങളിലായി 571 പേരാണ് പരീക്ഷയെഴുതിയത്. 561 പേര്‍ വിജയിച്ചു. നാല് സെന്ററുകള്‍ നൂറ്‌മേനി വിജയം കൈവരിച്ചു.

ഫോക്കസ് ഏരിയയില്‍ നിന്ന് 70%-വും ഫോക്കസ് ഏരിയക്ക് പുറത്ത് നിന്ന് 30% വുമായിരുന്നു ചോദ്യങ്ങള്‍. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പ്രാക്ടിക്കല്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കി ഒന്നരമാസത്തിനകമാണ് ഫലം പ്രഖ്യാപിച്ചത്. ഇതിന് സഹായകമായ അധ്യാപകരുടെയും, പരീക്ഷാഭവന്‍ ജീവനക്കാരുടെയും മറ്റുള്ളവരുടെയും കൂട്ടായ പരിശ്രമത്തെ മന്ത്രി അഭിനന്ദിച്ചു. വിദ്യാര്‍ഥികളെയും മന്ത്രി അഭിനന്ദിച്ചു

ഔദ്യോഗിക വെബ്‌സൈറ്റായ keralaresults.nic.in ല്‍ ഫലമറിയാം. www.results.kite.kerala.gov.in, www.pareekshabhavan.kerala.gov.in, www.sslcexam.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ഫലമറിയാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.