അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി): യുക്മയുടെ ഏറ്റവു൦ വലിയ റീജിയൺ ആയ സൗത്ത് ഈസ്റ്റ് റീജിയണിലെ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ജനറൽ ബോഡി യോഗം ജൂൺ 4 ശനിയാഴ്ച ഉച്ച തിരിഞ്ഞ് വോക്കിങ്ങിലെ മെയ്ബറി സെന്ററിൽ വച്ച് നടത്തപ്പെടുകയുണ്ടായി.
സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ആൻ്റണി എബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യുക്മ ദേശീയ പ്രസിഡൻറ് ശ്രീ മനോജ് കുമാർ പിള്ള ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിൽ ആന്റണി എബ്രഹാം യോഗത്തിന് എത്തിയ യുക്മ ദേശീയ സമിതി ഭാരവാഹികളെയും അംഗ അസോസിയേഷൻ പ്രതിനിധികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഇക്കഴിഞ്ഞ കാലയളവിൽ റീജിയണിലെ എല്ലാ പരിപാടികൾക്കും നിർലോഭമായ സഹായ സഹകരണങ്ങൾ നൽകിയ എല്ലാവരേയും അനുസ്മരിക്കാനും അവരോടുള്ള അകൈതവമായ നന്ദി രേഖപ്പെടുത്താനും അദ്ദേഹം ഈ അവസരം ഉപയോഗിച്ചു.
തുടർന്ന് യുക്മ ദേശീയ വൈസ് പ്രസിഡൻറ് ശ്രീ എബി സെബാസ്റ്റ്യൻ കാലാവധി പൂർത്തിയാക്കിയ യുക്മ ദേശീയ സമിതിയുടെ പ്രവർത്തങ്ങളുടെ അവലോകനം നടത്തുകയും, കോവിഡ് കാലത്തെ സകല തടസ്സങ്ങളെയും അതിജീവിച്ചുകൊണ്ട് വിപുലങ്ങളായ പരിപാടികൾ സംഘടിപ്പുക്കുവാൻ സംഘടനയെ പ്രാപ്തരാക്കിയ അംഗ അസോസിയേഷൻ ഭാരവാഹികളുടെ സേവനങ്ങളെ ശ്ലാഹിക്കുകയും അവരോടുള്ള കടപ്പാടും സ്നേഹവും രേഖപ്പെടുത്തുകയും ചെയ്തു.
ശേഷം, യുക്മയുടെ സ്ഥാപക പ്രസിഡന്റും യുക്മ ഇലക്ഷൻ കമ്മീഷൻ അംഗവുമായ വർഗീസ് ജോൺ സൗത്ത് ഈസ്റ്റ് റീജിയൺ തെരഞ്ഞെടുപ്പ് നീതിപൂർവ്വവും കാര്യക്ഷമവുമായ നടത്താനായി അവലംബിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചു വിശദീകരിച്ചു സംസാരിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രക്രിയ സുഗമമായി നടത്തുവാൻ എല്ലാവരുടേയും സഹകരണം അഭ്യർത്ഥിക്കുകായും ചെയ്തു.
തുടർന്ന് മനോജ് കുമാർ പിള്ള 2022-23 വർഷത്തേക്കുള്ള സൗത്ത് ഈസ്റ്റ് റീജിയൺ ഭാരവാഹികളുടെ ഒരു പാനൽ അവതരിപ്പിച്ചു. റീജിയണിലെ അംഗ അസോസിയേഷൻ ഭാരവാഹികളോടും യുക്മ പ്രതിനിധികളോടും ആശയവിനിമയം നടത്തി സമവായത്തിലൂടെ ഉരുത്തിരിഞ്ഞ ഒരു പാനലിനെ അവതരിപ്പിക്കുവാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു.
ചർച്ചകൾക്കുശേഷം ജനറൽ ബോഡി ഐകകണ്ഠമായി തെരഞ്ഞെടുത്ത പുതിയ ഭാരവാഹികൾ:
നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായി ഷാജി തോമസ് ഡോർസെറ്റ് കേരള കമ്മ്യൂണിറ്റി (DKC) തിരഞ്ഞെടുക്കപ്പെട്ടു. യുക്മ മുൻ ട്രഷറർ, വൈസ് പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന ഷാജി തോമസ് യുക്മയുടെ സീനിയർ നേതാക്കൻമാരിൽ ഒരാളാണ്. നിലവിൽ യുക്മ ചാരിറ്റി ട്രസ്റ്റി ബോർഡംഗമായും, ഡി കെ സി പ്രസിഡൻറായും പ്രവർത്തിച്ചുവരുന്നു.
പ്രസിഡൻ്റായി സുരേന്ദ്രൻ ആരക്കോട്ട് ഡാർട്ഫോർഡ് മലയാളീ അസോസിയേഷൻ (DMA) തിരഞ്ഞെടുക്കപ്പെട്ടു. യുക്മ ന്യൂസ് അസോസിയേറ്റഡ് എഡിറ്ററും, മുൻ ഡാർട്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻ്റുമാണ്. സെക്രട്ടറിയായി ജിപ്സൺ തോമസ് (മലയാളീ അസോസിയേഷൻ റെഡ്ഹിൽ സറേ (MARS), ട്രഷററായിസനോജ് ജോസും (സീമ ഈസ്റ്റ്ബോൺ (SEEMA) തിരഞ്ഞെടുത്തപ്പെട്ടു.
വൈസ് പ്രസിഡൻ്റുമാരായി ഡെനീസ് വറീത് – മലയാളീ അസോസിയേഷൻ ഓഫ് പോർട്സ്മൗത് (MAP), ക്ലാര പീറ്റർ (ബ്രിട്ടീഷ് കേരളൈറ്റ് അസോസിയേഷൻ സൗത്താൾ (BKA), ജോയിന്റ് സെക്രട്ടറിമാരായി ബേബിച്ചൻ തോമസ് (കാന്റർബറി കേരളൈറ്റ് അസോസിയേഷൻ (CKA), നിമ്മി റോഷ് – അസോസിയേഷൻ ഓഫ് സ്ളോ മലയാളീസ് (ASM) എന്നിവരും, ജോയിന്റ് ട്രഷററായിജെയ്സൺ മാത്യു (മലയാളീ അസോസിയേഷൻ ഓഫ് സൗത്താംപ്ടൺ (MAS) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ചാരിറ്റി കോഓർഡിനേറ്ററായി റെനോൾഡ് മാനുവേൽ (ഡാർട്ഫോർഡ് മലയാളീ അസോസിയേഷൻ (DMA) നഴ്സസ് ഫോറം കോഓർഡിനേറ്ററായി ബൈജു ശ്രീനിവാസ് എച്ച്.എം.എ, ഹേയ്വാർഡ്സ് ഹീത്ത് (HMA), സ്പോർട്സ് കോഓർഡിനേറ്ററായി ജോൺസൺ മാത്യൂസ് (ആഷ്ഫോർഡ് മലയാളീ അസോസിയേഷൻ (AMA) കലാമേള കോ ഓർഡിനേറ്ററായിസജി ലോഹിദാസ് – കെ. സി. ഡബ്ല്യൂ. എ ക്രോയ്ഡോൺ (KCWA), വള്ളം കളി കോഓർഡിനേറ്ററായിസാംസൺ പോൾ – മലയാളീ കമ്മ്യൂണിറ്റി ഹോർഷം (MCH) തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് അധ്യക്ഷൻ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സൗത്ത് ഈസ്റ്റ് റീജിയൺ പ്രസിഡന്റ് സുരേന്ദ്രൻ ആരക്കോട്ടിനെ നന്ദി പ്രകാശത്തിനായി ക്ഷണിച്ചു. നിയുക്ത പ്രസിഡന്റ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും ഹാർദ്ദവമായി അഭിനന്ദിച്ചു. ഈ തിരഞ്ഞെടുപ്പ് നീതിപൂർവവും സമാധാനപരവുമായി നടത്തുവാൻ സഹകരിച്ച എല്ലാവരോടുമുള്ള നന്ദി അറിയിച്ചതിനോടൊപ്പം, തുടർന്നും യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ്റെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനും നിർലോഭമായ സഹായ സഹകരണങ്ങൾ പ്രദാനം ചെയ്യാനും അംഗ അസോസിയേഷൻ ഭാരവാഹികളോട് അദ്ദേഹം അഭ്യർത്ഥിച്ചു. മൂന്ന് മണിക്ക് ആരംഭിച്ച യോഗം ചായ സല്കാരങ്ങൾക്കുശേഷം വൈകുന്നേരം ആറ് മണിയോടെ അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല