‘സ്വന്തം ലേഖകൻ: കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് ആഗോള അംഗീകാരം. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിന്റെ(ജി.എസ്.ഇ.ആർ) അഫോർഡബിൾ ടാലെന്റ് റാങ്കിങ്ങിൽ കേരളം ഏഷ്യയിൽ ഒന്നാമതാണ്. ആഗോള റാങ്കിങ്ങിൽ നാലാം സ്ഥാനത്തുമാണ്. ആഗോള ഗവേഷക സ്ഥാപനങ്ങളായ സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എന്റർപ്രണർഷിപ്പ് നെറ്റ്വർക്കും സംയുക്തമായി തയാറാക്കിയ റിപ്പോർട്ടിലാണ് ഈ അഭിമാനനേട്ടം.
ലണ്ടൻ ടെക്ക് വീക്ക് 2022ന്റെ ഭാഗമായാണ് ജി.എസ്.ഇ.ആർ റിപ്പോർട്ട് പുറത്തുവിട്ടത്. സ്റ്റാർട്ടപ്പ് മേഖലയിൽ സാങ്കേതിക പ്രതിഭകളെ നിയമിക്കുന്നതിലും നിലനിർത്തുന്നതിലുമുള്ള ശേഷിയാണ് റാങ്ങിങ്ങിന്റെ ഭാഗമായി പരിശോധിച്ചത്. സ്റ്റാർട്ടപ്പുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണയും പശ്ചാത്തലസൗകര്യങ്ങളുമാണ് കേരളത്തിന്റെ വളർച്ചയ്ക്ക് കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
2020ൽ പുറത്തുവിട്ട ജി.എസ്.ഇ.ആറിന്റെ ആദ്യ റാങ്കിങ്ങിൽ കേരളം ഏഷ്യയിൽ അഞ്ചാം സ്ഥാനത്തും ആഗോളതലത്തിൽ 20-ാം സ്ഥാനത്തുമായിരുന്നു. സർക്കാർ പിന്തുണയും ആകർഷകമായ ഇൻസന്റീവുകളും സംസ്ഥാനത്ത് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം തഴച്ചുവളരാൻ സഹായിച്ചതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. കോവിഡ് മഹാമാരിക്കിടയിലും കേരളം കാഴ്ചവച്ച അവിശ്വസനീയമായ മുന്നേറ്റം സന്തോഷം പകരുന്നതാണെന്ന് സ്റ്റാർട്ടപ്പ് ജീനോം സ്ഥാപകനും അധ്യക്ഷനുമായ മാർക്ക് പെൻസെൽ പറഞ്ഞു.
3,600ഓളം സ്റ്റാർട്ടപ്പുകളെ വളർത്തിക്കൊണ്ടുവന്ന സർക്കാരിന്റെ ഈ മേഖലയിലെ ഇടപെടലുകൾക്കുള്ള വലിയ അംഗീകാരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. 2026ഓടെ 15,000 സ്റ്റാർട്ടപ്പുകൾ കൂടി ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല