ഈ വര്‍ഷാവസാനം വരെ നാറ്റോയുടെ സൈനിക സാന്നിധ്യം തുടരണമെന്ന ലിബിയന്‍ വിമതരുടെ ആവശ്യം നാറ്റോ നിരാകരിച്ചു. നേരത്തെ നിശ്ചയിച്ചതുപോലെ ഈ മാസം 31ന് ദൌത്യം അവസാനിപ്പിക്കാന്‍ ബ്രസല്‍സില്‍ ചേര്‍ന്ന നാറ്റോ സ്ഥാനപതിമാരുടെ യോഗം ഏകകണ്ഠമായി തീരുമാനിച്ചു. ലിബിയയില്‍ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് രക്ഷാസമിതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് നാറ്റോയുടെ തീരുമാനം പുറത്തുവന്നത്.
ഏഴുമാസത്തിനുള്ളില്‍ നാറ്റോ വിമാനങ്ങള്‍ 26,000 നിരീക്ഷണപ്പറക്കല്‍ നടത്തി. ആറായിരം ലക്ഷ്യങ്ങളില്‍ ബോംബിട്ടു. ലിബിയന്‍ വിമാനങ്ങള്‍ക്ക് പറക്കല്‍നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നാറ്റോയുടെ വ്യോമാക്രമണങ്ങളാണ് ഗദ്ദാഫി ഭരണത്തെ തൂത്തെറിയാന്‍ വിമതര്‍ക്ക് സഹായമായത്.
ഗദ്ദാഫി കൊല്ലപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സൈനികരില്‍ നിന്ന് ഇനിയും ഭീഷണിക്കു സാധ്യതയുണ്െടന്ന് ഇടക്കാല ഭരണാധികാരി മുസ്തഫ അബ്ദല്‍ ജലീല്‍ ബുധനാഴ്ച പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുകയുണ്ടായി. ഈ സാഹചര്യത്തില്‍ നാറ്റോയുടെ സൈനികസാന്നിധ്യം അവസാനിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇതിനിടെ ഗദ്ദാഫിയുടെ പുത്രന്‍ സയിഫ് ഹേഗിലെ രാജ്യാന്തര ക്രിമിനല്‍ കോടതിയില്‍ എത്തി കീഴടങ്ങാനായി പ്രത്യേക വിമാനം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാലിയിലേക്കു കടന്ന ഇന്റലിജന്‍സ് മേധാവി സെനുസിയും കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല