സ്വന്തം ലേഖകൻ: വിജയ് ബാബു ദുബായില്‍ വെച്ച് സുഹൃത്ത് വഴി തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തു എന്ന വെളിപ്പെടുത്തലുമായി പീഡനത്തിരയായ നടി. മാതൃഭൂമി ഡോട്ട് കോമിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
ഇയാള്‍ ദുബായില്‍ പോയ സമയത്ത് അയാളുടെ സുഹൃത്തു വഴി കേസ് ഒതുക്കാന്‍ ഒരു കോടി രൂപ എനിക്ക് വാഗ്ദാനം ചെയ്തിരുന്നു . ഞാന്‍ പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. പൈസ ഓഫറു ചെയ്ത് ഒരുപാട് സാക്ഷികളെ അയാള്‍ സ്വന്തം ഭാഗത്താക്കുന്നുണ്ട്. അമ്മ അയാളെ പുറത്താക്കാത്തത് അമ്മയിലെ പല അംഗങ്ങളെയും ബ്ലാക്ക്മെയില്‍ ചെയ്തും പൈസ ഓഫര്‍ ചെയ്തതു കൊണ്ടാണെന്നും ഞാനുറച്ച് വിശ്വസിക്കുന്നുണ്ട്.
ഒരു അതിജീവിതയുടെ പേര് റിവീല്‍ ചെയ്തിട്ട് പോലും അയാളുടെ കൂടെ നിന്ന് എനിക്കെതിരേ സംസാരിക്കണമെങ്കില്‍ എത്ര വലിയ ഓഫറായിരിക്കും എനിക്ക് തന്ന പോലെ കൊടുത്തിട്ടുണ്ടാവുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. പരാതിക്കു ശേഷം വിജയ് ബാബു നിലവില്‍ എനിക്ക് കിട്ടിയ ഒരു സിനിമയിലെ സംവിധായകനെ വിളിച്ച് എന്റെ അവസരം കളയാന്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങനെ പലതും അണിയറയില്‍ നടക്കുന്നുണ്ട്.
പേര് വെളിപ്പെടുത്തി എന്ന് മാത്രമല്ല, വ്യാജമായ ആരോപണങ്ങളുന്നയിച്ചു, മിടൂ പോലുള്ള ചരിത്രപരമായ മുന്നേറ്റങ്ങളെ ഇകഴ്ത്തിക്കാണിച്ചു തുടങ്ങിയ ഒരുപാട് ക്രൈമാണ് അയാള്‍ ചെയ്തത്. എന്നെപ്പോലെ സിനിമ ജെനുവിനായി ആഗ്രഹിക്കുന്ന ഒരുപാട് പെണ്‍കുട്ടികളുണ്ട്. അവര്‍ക്ക് കൂടി വേണ്ടിയാണ് എന്റെ പോരാട്ടം. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. റൂമിലേക്ക് വിളിച്ച് വരുത്തി ലൈംഗിക കയ്യേറ്റം നേരിട്ട ആണ്‍കുട്ടികളെ എനിക്കറിയാം.
ആണും പെണ്ണും ലൈംഗികമായി ചിലരാല്‍ ദുരുപയോഗിക്കപ്പെടുന്നുണ്ട്. പക്ഷെ, റെപ്യൂട്ടേഷന് ഭയന്നാണ് പലരും തുറന്നുപറയാത്തത്. മലയാള സിനിമയില്‍ ഒരുപാട് നല്ല മനുഷ്യരുണ്ട്. ഇവരെ പോലുള്ളവരാണ് ഈ ഇന്‍ഡസ്ട്രിയെ മോശമാക്കുന്നത്. ഇവര്‍ തുറന്നു കാട്ടപ്പെടണം. കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് ധൈര്യപൂര്‍വ്വം ഈ മേഖലയിലേക്കെത്താന്‍ കഴിയണം- നടി പറഞ്ഞു.
എന്നോടു നീതികേട് കാണിച്ച ഒരാള്‍ക്കെതിരേ യാതൊരുവിധ കോംപ്രമൈസിനും തയ്യാറാവാതെ ഞാന്‍ പോരാടി എന്നതാണ് എന്നോട് സ്വയം പുലര്‍ത്തേണ്ട നീതിയായി ഞാന്‍ കാണുന്നത്. എനിക്ക് എന്റെ മനസ്സമാധാനമാണ് വലുത്. മിണ്ടാതിരിക്കാന്‍ അയാള്‍ പറഞ്ഞപ്പോള്‍ മിണ്ടാതിരുന്ന, അയാള്‍ ഉപയോഗിച്ച അനേകം സ്ത്രീകളിലൊരാളായിരിക്കാന്‍ എനിക്ക് തനിക്ക് സാധ്യമല്ലെന്നും നടി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല