![](http://www.nrimalayalee.com/wp-content/uploads/2022/06/Maharashtra-Political-Crisis-Shiv-Sena--640x357.jpg)
സ്വന്തം ലേഖകൻ: ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമതരുടെ ആവശ്യത്തിന് മുന്നില്‍ മുട്ടുമുടക്കി ശിവസേന നേതൃ ത്വം. എന്‍സിപി-കോണ്‍ഗ്രസ് സഖ്യം വിടാന്‍ തയ്യാറാണെന്ന് ശിവസേന അറിയിച്ചു. മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്താണ് ഇക്കാര്യം അറിയിച്ചത്.
‘എംഎല്‍എമാര്‍ ഗുവാഹട്ടിയില്‍ നിന്ന് ആശയവിനിമയം നടത്തരുത്. അവര്‍ മുംബൈയില്‍ വന്ന് മുഖ്യമന്ത്രിയുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യണം. എല്ലാ എംഎല്‍എമാരുടെയും ഇഷ്ടം ഇതാണെങ്കില്‍ മഹാവികാസ് അഘാഡിയില്‍നിന്ന് പുറത്തുപോകുന്നത് പരിഗണിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ അതിനായി അവര്‍ ഇവിടെ വന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യണം’, സഞ്ജയ് റാവുത്ത് മുംബൈയില്‍ പറഞ്ഞു.
അതേസമയം, റാവുത്തിന്റെ വാക്കുകള്‍ പൂര്‍ണ്ണമായും വിശ്വാസത്തിലടെുക്കാന്‍ വിമത എംഎല്‍എമാർ തയ്യാറായിട്ടില്ല. ശിവസേനാ എംഎല്‍എമാരെ സൂറത്തിലേക്ക് തട്ടികൊണ്ടുപോയതാണെന്നും സഞ്ജയ് റാവുത്ത് ആരോപിച്ചു. വിമത ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ടെന്ന് പറയുന്ന എംഎല്‍എമാരായ കൈലാസ് പാട്ടീല്‍, നിതിന്‍ ദേശ്മുഖ് എന്നിവരും സഞ്ജയ് റാവുത്തിനൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. സൂറത്തില്‍നിന്ന് തങ്ങള്‍ കിലോമീറ്ററുകളോളം ഓടിയാണ് രക്ഷപ്പെട്ടതെന്നും അവര്‍ വിവരിച്ചു. തങ്ങള്‍ ശിവസേനയെ കൈവിടില്ലെന്നും അവര്‍ പറഞ്ഞു.
ശിവസേന ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളിയാണ് ഏക്നാഥ് ഷിന്ദേ. പാര്‍ട്ടിയിലെ ജനകീയമുഖം, താനെയില്‍ പാര്‍ട്ടിയ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക്, നാലു തവണ എംഎല്‍എ, മന്ത്രി, വിശ്വസ്തന് തുടങ്ങിയ വിശേഷങ്ങളുണ്ടായിരുന്ന ഷിന്ദേ ശിവസേനയെ അതിന്റെ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധിയിലാഴ്ത്തിയാണ് വിമത നീക്കം നടത്തിയിട്ടുള്ളത്.
പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം എംഎല്‍എമാരേയും അടര്‍ത്തികൊണ്ടാണ് ഷിന്ദേ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നത്. താക്കറെ കുടുംബത്തിന് ശിവസേനയിലുള്ള ആധിപത്യം തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങികൊണ്ടിരിക്കുന്നത്. ‘കാര്യങ്ങള്‍ നിസ്സാരമായി കാണുന്ന ശിവസേന നേതൃത്വം തന്നെയാണ് പൊട്ടിത്തെറികള്‍ക്ക് പ്രധാന കാരണം. അത്തരം മനോഭാവം അവര്‍ ഒരിക്കലും മാറ്റിയിട്ടില്ല’ ശിവസേനയിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് രാഷ്ട്രീയ ലേഖകനായ പ്രകാശ് അക്ലോകര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല