സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റും ക്ഷേമവും എന്ന വിഷയത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. 29ന് വൈകിട്ട് ആറിന് എംബസി അങ്കണത്തിലാണ് പരിപാടി. 2021ൽ ഇന്ത്യയും കുവൈത്തും തമ്മിൽ ഒപ്പുവച്ച് നടപ്പിൽവരുത്തിയ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് കരാർ സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യും. തൊഴിൽ കരാർ ഒപ്പുവയ്ക്കുന്ന ഗാർഹിക തൊഴിലാളികളുടെ തൊഴിൽ, നിയമ സുരക്ഷ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ, ഇന്ത്യ–കുവൈത്ത് സംയുക്ത സമിതിയുടെ സമയബന്ധിതമായ വിലയിരുത്തൽ എന്നിവയെല്ലാം വിശദീകരിക്കും.
കുവൈത്തിലെ പ്രവാസി ഇന്ത്യക്കാർക്കെല്ലാം ഓപ്പൺ ഹൗസിൽ പങ്കെടുക്കാം. ഓപ്പൺ ഹൗസിൽ ഉന്നയിക്കാൻ ആഗ്രഹിക്കുന്ന പ്രത്യേക വിഷയങ്ങൾ സംബന്ധിച്ച് എംബസിയെ ഇമെയിൽ amboff.kuwait@mea.gov.in മുഖേന നേരത്തെ അറിയിക്കണമെന്നും ഇന്ത്യൻ എംബസി അഭ്യർഥിച്ചു. വ്യക്തികളുടെ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ ഐഡി, ബന്ധപ്പെടേണ്ട നമ്പർ എന്നിവ സഹിതമാണ് ഇമെയിൽ അയക്കേണ്ടത്.
പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നപരിഹാരത്തിനായി ഇന്ത്യൻ എംബസി ആഴ്ചതോറും ഓപൺ ഹൗസ് സംഘടിപ്പിച്ചുവരുന്നു. പതിവു കോൺസൽ സർവീസിനു പുറമെ ഇന്ത്യക്കാരുടെ സൗകര്യാർഥം വിവിധ സ്ഥലങ്ങളിലായാണ് ഓപൺ ഹൗസ് സംഘടിപ്പിക്കുന്നത്. എന്തു പ്രശ്നങ്ങൾ ഉണ്ടെങ്കിലും 24 മണിക്കൂറും എംബസിയുടെ ഹെൽപ് ലൈനിൽ ബന്ധപ്പെടാവുന്നതാണെന്നും എംബസി അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല