സ്വന്തം ലേഖകൻ: കാർഡ് ബോർഡ് പെട്ടിയുമായി ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർ സൂക്ഷിക്കുക. എയർലൈൻസ് പറഞ്ഞിട്ടുള്ള അളവിലല്ലാത്ത പെട്ടികളുമായാണ് പോകുന്നതെങ്കിൽ എയർപോർട്ടിൽവെച്ച് വേറെ കാർഡ് ബോർഡ് പെട്ടിയിലേക്ക് സാധനങ്ങൾ മാറ്റി പാക്ക് ചെയ്യേണ്ടി വരും. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് ഈ അനുഭവമുണ്ടായി.
കഴിഞ്ഞ 22 മുതലാണ് ബഹ്റൈനിൽനിന്ന് ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് കാർഡ് ബോർഡ് പെട്ടികൾ പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ചു തുടങ്ങിയത്. 76 സെന്റിമീറ്റർ നീളവും 51 സെന്റിമീറ്റർ വീതിയും 31 സെന്റിമീറ്റർ ഉയരവുമാണ് പെട്ടികൾക്ക് അനുവദിച്ചിരിക്കുന്ന പരമാവധി അളവ്.
ഇതിൽ കൂടുതൽ വലുപ്പത്തിലുള്ള കാർഡ് ബോർഡ് പെട്ടികൾ അനുവദിക്കില്ലെന്നും ഗൾഫ് എയർ വ്യക്തമാക്കിയിരുന്നു. നിശ്ചിത അളവിൽ കൂടുതൽ വലുപ്പമുള്ള കാർഡ് ബോർഡ് പെട്ടികളുമായി എയർപോർട്ടിൽ എത്തിയവരാണ് പ്രയാസത്തിലായത്. വേറെ ട്രോളി ബാഗോ കാർഡ് ബോർഡ് പെട്ടിയോ ലഭ്യമാണെങ്കിൽ അതിലേക്ക് സാധനങ്ങൾ മാറ്റി കൊണ്ടുപോകാവുന്നതാണ്. അല്ലാത്തവർക്കായി എയർപോർട്ടിൽ കാർഡ് ബോർഡ് പെട്ടികൾ ലഭ്യമാക്കിയിട്ടുണ്ട്.
രണ്ടു ദീനാറാണ് ഇതിന് വില. പെട്ടിയുടെ മുകളിൽ ക്ലിങ് ഷീറ്റ് പൊതിയുന്നതിന് രണ്ടു ദീനാർകൂടി നൽകണം. നിശ്ചിത വലുപ്പത്തിനു പുറമേ കൃത്യമായ ആകൃതിയുമുള്ളതായിരിക്കണം പെട്ടികൾ. ചിലർ ഉയരമുള്ള ബോക്സ് മുറിച്ച് ചെറുതാക്കി സാധനങ്ങൾ പാക്ക് ചെയ്യാറുണ്ട്. ഇങ്ങനെ പാക്ക് ചെയ്യുമ്പോൾ കൃത്യമായ ആകൃതി ഉണ്ടാകില്ല. ഇത്തരം പെട്ടികളും നിരസിക്കപ്പെടും.
എയർപോർട്ടിൽ എത്തിയശേഷമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ട്രോളി ബാഗോ സ്യൂട്ട്കേസോ കൊണ്ടുപോകുന്നതാണ് ഉചിതം. നിശ്ചിത വലുപ്പത്തിലുള്ള പെട്ടി കിട്ടിയില്ലെങ്കിൽ യാത്ര മുടങ്ങാൻ വരെ സാധ്യതയുണ്ടെന്ന് സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല