സ്വന്തം ലേഖകൻ: പ്രവാചകനിന്ദാ പരാമര്‍ശം നടത്തിയ ബിജെപി മുന്‍വക്താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് കൊല്ലപ്പെട്ട കനയ്യലാലിന് നിരവധി തവണ ഭീഷണിയുണ്ടായിരുന്നതായി ഭാര്യ ജഷോദ. പോസ്റ്റിട്ടത്തിന് ശേഷം കൊലപാതക ഭീഷണി വന്നുകൊണ്ടിരുന്നു. ജോലിക്ക് പോവാന്‍ പറ്റിയിരുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കട തുറന്നപ്പോഴാണ് അക്രമണമുണ്ടായതെന്നും ജഷോദ പറഞ്ഞു.
തയ്യല്‍കടയില്‍ വസ്ത്രത്തിന് അളവെടുക്കാനെന്ന പേരില്‍ രണ്ടുപേര്‍ എത്തുകയായിരുന്നു. അളവെടുക്കുന്നതിനിടെ വലിയ കത്തി ഉപയോഗിച്ച് ആക്രമിച്ചുവെന്ന് ജഷോദ വ്യക്തമാക്കി. കൊലപാതകത്തിനിടെ കൂടെയുണ്ടായിരുന്നയാള്‍ ദൃശ്യങ്ങള്‍ വീഡിയോയില്‍ പിടിച്ച ശേഷം മോട്ടോര്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടുവെന്നും ഇവര്‍ വ്യക്തമാക്കി.
ഇതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ത്തു. ഭീതി പടര്‍ത്തുകയെന്ന ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനമായിരുന്നു ഇതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി അശോക് ഗെഹ്‌ലോത് ട്വിറ്ററില്‍ കുറിച്ചു. അറസ്റ്റിലായ രണ്ടു പേരുടേയും മറ്റ് രാജ്യങ്ങളുമായുള്ള ബന്ധവും പുറത്തുവരുന്നുണ്ടെന്ന് അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ഗോസ് മുഹമ്മദ്, റിയാസ് അക്താരി എന്നിവരെ കഴിഞ്ഞ ദിവസം രാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എ അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. കൊലപാതകികളെ അതിവേഗം അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന്‍മാരായ തേജ്പാല്‍, നരേന്ദ്ര, ഷൗക്കത്ത്, വികാസ്,ഗൗതം എന്നിവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല