സ്വന്തം ലേഖകൻ: പ്രശസ്തിയുടെ മറവിൽ അമേരിക്കൻ ഗായകൻ റോബർട്ട് കെല്ലിയുടെ കൊടും ക്രൂരതയ്ക്ക് ഇരയായത് പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെടെ നിരവധി പേർ. അവസരങ്ങൾ വാഗ്ദാനം ചെയ്ത് ആരാധികമാരെ പാട്ടിലാക്കിയ കെല്ലി വർഷങ്ങളോളം അവരെ ലൈംഗിക പീഡനങ്ങൾക്ക് ഇരയാക്കി. ശുചിമുറി സൗകര്യം പോലുമില്ലാത്ത കൊച്ചുമുറികളിൽ ദിവസങ്ങളോളം പൂട്ടിയിട്ട്, ആഹാരമോ വെള്ളമോ കൊടുക്കാതെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു.
ഒടുവിൽ, വർഷങ്ങൾക്കിപ്പുറം പീഡനം സഹിക്കവയ്യാതെ ഒരു ഇരയുടെ ശബ്ദമുയർന്നു. പിന്നാലെ സമാന അനുഭവങ്ങൾ പങ്കിട്ട് നിരവധി പേർ എത്തി. ഇരകൾ ശബ്ദിച്ചു തുടങ്ങിയതോടെ അഴിക്കാൻ പറ്റാത്ത കുരുക്കിലായി ലോകസംഗീതജ്ഞരിൽ പ്രധാനിയായ കെല്ലിയുടെ ജീവിതം. ഇനിയുള്ള 30 വർഷങ്ങള്‍ കെല്ലി ജയിലിൽ! പാട്ടിനപ്പുറം റോബർട്ട് കെല്ലി സജീവ ചർച്ചയാകുമ്പോൾ ഗായകന്റെ പൂർവകാലം തിരയുകയാണ് ലോകം.
1967 ജനുവരി 8ന് ഷിക്കാഗോയിലാണ് റോബർട്ട് സിൽവസ്റ്റർ കെല്ലി എന്ന ആർ. കെല്ലി ജനിച്ചത്. അമ്മ ജൊവാൻ കെല്ലി അധ്യാപികയായിരുന്നു. കെല്ലിയുടെ പിതാവ് ആരെന്നു വെളിപ്പെടുത്താൻ അമ്മ തയാറായിരുന്നില്ല. ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത പിതാവ് കെല്ലിയുടെ ജീവിതത്തിലെ ഒരു അടഞ്ഞ അധ്യായമാണ്, അന്നും ഇന്നും. കെല്ലിക്ക് 5 വയസ്സുള്ളപ്പോൾ അമ്മ പുനർവിവാഹിതയയായി. ആ ബന്ധത്തിൽ മൂന്നു മക്കളുണ്ട്.
കുടുംബത്തിലുള്ള പ്രായമായ ഒരു സ്ത്രീ 6 വർഷത്തോളം കെല്ലിയെ ലൈംഗികമായി പീഡിപ്പിച്ചതും ഒരുകുടുംബസുഹൃത്തിൽ നിന്നുണ്ടായ പീഡനവും കെല്ലിയെ തളർത്തി. ഇക്കാര്യം ആത്മകഥയിൽ കെല്ലി വിവരിച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ശാരീരിക മാനസിക പീഡനങ്ങൾക്കിടയിൽ ആശ്വാസമായത് സംഗീതമായിരുന്നു. 13 ാം വയസ്സിൽ സംഗീതം പഠിക്കാൻ തുടങ്ങി. അധ്യാപികയുടെ നിർദേശപ്രകാരം മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു.
1992 ൽ ജൈവ് റെക്കോർഡ്സുമായി സഹകരിച്ച് ‘ബോൺ ഇൻടു ദ് നയന്റീസ്’ എന്ന ആൽബം കെല്ലി പുറത്തിറക്കി. പാട്ട് പ്രേക്ഷകർ ഏറ്റെടുത്തു. തൊട്ടടുത്ത വര്‍ഷം ‘12 പ്ലേ’ എന്ന സ്വതന്ത്ര സംഗീത ആൽബത്തിലൂടെ കെല്ലി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി. 1995ൽ ആദ്യ ഗ്രാമി നോമിനേഷൻ നേടി. 1998ൽ മൂന്ന് ഗ്രാമി പുരസ്കാരങ്ങൾ വാരിക്കൂട്ടി ലോകത്തെ കയ്യടിപ്പിച്ചു. തുടർച്ചയായ ആൽബം റിലീസുകളിലൂടെ ലോകത്തെ ഏറ്റവും മികച്ച സംഗീതജ്ഞരിൽ ഒരാളായി കെല്ലി വളർന്നു.
വർഷങ്ങളായി ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ, പെൺകുട്ടികളെയും സ്ത്രീകളെയും വാഗ്ദാനങ്ങൾ നല്കി വലയിൽ വീഴ്ത്തി, അവരെ ലൈംഗികമായി ദുരുപയോഗം ചെയ്തു, പീഡനത്തിന് ഒത്താശ ചെയ്തു, സെക്സ് റാക്കറ്റിങ് സംഘത്തിന്റെ നേതാവായി പ്രവർത്തിച്ചു, ഇരകളെ ഭീഷണിപ്പെടുത്തി തുടങ്ങി ഒന്‍പതോളം കേസുകളില്‍ കെല്ലി കുറ്റക്കാരൻ ആണെന്ന് 2021 സെപ്റ്റംബറിൽ കോടതി കണ്ടെത്തി. ഒടുവിൽ 2022 ജൂൺ 29ന് 30 വർഷത്തെ തടവിന് കോടതി വിധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല