സ്വന്തം ലേഖകൻ: നാലാം ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ആദ്യ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിച്ച് നാലുമാസം കഴിഞ്ഞ 50 വയസ്സിന് മുകളിലുള്ളവർക്ക് മിശ്രിഫിലെ കുത്തിവെപ്പ് കേന്ദ്രത്തിലെത്തി രണ്ടാം ബൂസ്റ്റർ സ്വീകരിക്കാം. 12നും 50നും ഇടയിൽ വയസ്സ് പ്രായമുള്ള പ്രതിരോധ ശേഷി കുറവുള്ളവർക്കും നാലാം ഡോസ് നൽകുന്നുണ്ട്. നാലാം ഡോസ് നിയമ പ്രകാരം നിർബന്ധമാക്കിയിട്ടില്ല.
അതിനിടെ കുവൈത്ത് ആരോഗ്യ മന്ത്രാലയം കോവിഡ് ബാധിതരുടെ ഫോളോ അപ്പിന് പുതിയ സംവിധാനം ഏർപ്പെടുത്തി. ശ്ലോനിക് ആപ്പിന് പകരം ഇമ്യൂൺ ആപ്പ് ആണ് ഇനി നിരീക്ഷണത്തിനും ഫോളോ അപ്പിനും ഉപയോഗിക്കുക. രോഗ സ്ഥിരീകരണം മുതൽ അഞ്ച് ദിവസം ഐസൊലേഷനിൽ കഴിയണം.
അതിന് ശേഷമുള്ള അഞ്ച് ദിവസം മാസ്ക് ധരിക്കാനും നിർദേശിച്ചിട്ടുണ്ട്. രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ വ്യാപനം തടയാൻ അധികൃതർ ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 1500ഓളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
മരണം റിപ്പോർട്ട് ചെയ്യുന്നില്ലെന്നതും രോഗബാധിതരിൽ ഭൂരിഭാഗത്തിനും ഗുരുതരാവസ്ഥയില്ലെന്നതും ആശ്വാസമാണ്. വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്നതും നിയന്ത്രണ നടപടികൾ സ്വീകരിച്ചതും കുവൈത്ത് നിരീക്ഷിച്ചുവരുന്നുണ്ട്. ഇപ്പോൾ ഭയക്കാനില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും അധികൃതർ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല