സ്വന്തം ലേഖകൻ: മങ്കിപോക്സ് വൈറസ് (Monkeypox) കുട്ടികളിലേക്കും ഗര്‍ഭിണികളിലേക്കും ദുര്‍ബല പ്രതിരോധ ശേഷിയുള്ളവരിലേക്കും പടര്‍ന്നു തുടങ്ങിയതില്‍ ആശങ്ക പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. സ്പെയ്നിലും ഫ്രാന്‍സിലും 18 വയസ്സില്‍ താഴെയുള്ളവരില്‍ വന്ന മങ്കിപോക്സ് ബാധയെ കുറിച്ച് അന്വേഷിക്കുകയാണെന്ന് ഡബ്ല്യുഎച്ച്ഒ വൃത്തങ്ങള്‍ അറിയിച്ചു. മേയ് മാസത്തിനു ശേഷം യുകെയിലും ഇത്തരം രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
50 ലധികം രാജ്യങ്ങളിലെ 4000 ത്തോളം പേരില്‍ നിലവില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട തോതിലേക്ക് ഈ വൈറസ് എത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നു. കുട്ടികള്‍ ഉള്‍പ്പെടെ ഉയര്‍ന്ന റിസ്ക് ഉള്ള വിഭാഗങ്ങളിലേക്ക് വൈറസ് പടര്‍ന്നു തുടങ്ങിയത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനം ഗെബ്രയേസൂസ് പറഞ്ഞു.
സ്വവര്‍ഗരതിക്കാരായ പുരുഷന്മാരിലാണ് ഭൂരിപക്ഷം മങ്കിപോക്സ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നതിനാല്‍ എല്‍ജിബിടിക്യുഐ+ സമൂഹത്തിലും വൈറസിനെ കുറിച്ച് ബോധവത്ക്കരണം നടത്തുന്നുണ്ട്. പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ ലോകരാജ്യങ്ങളോട് ഡബ്ല്യുഎച്ച്ഒ അഭ്യർഥിച്ചു. ആഫ്രിക്കയില്‍ കണ്ടെത്തിയ ആദ്യ മങ്കിപോക്സ് വൈറസിനെ അപേക്ഷിച്ച് നിരവധി വ്യതിയാനങ്ങള്‍ ഇപ്പോള്‍ വ്യാപിക്കുന്ന വൈറസിന് ഉണ്ടായിട്ടുണ്ടെന്നാണ് അനുമാനം.
പനി, കുളിര്, ശരീരവേദന, ക്ഷീണം, തിണര്‍പ്പുകള്‍, മുഖത്തും കൈകളിലും ആരംഭിച്ച് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുന്ന കുരുക്കള്‍ എന്നിവയെല്ലാമാണ് മങ്കിപോക്സിന്റെ ലക്ഷണങ്ങള്‍. രോഗം വന്ന പലരും പ്രത്യേകിച്ച് മരുന്നുകളൊന്നുമില്ലാതെ ആഴ്ചകള്‍ക്കുള്ളില്‍ രോഗമുക്തി നേടുന്നുണ്ടെങ്കിലും ഗര്‍ഭിണികളിലും കുട്ടികളിലുമെല്ലാം ഈ രോഗം സങ്കീര്‍ണതകള്‍ ഉണ്ടാക്കുമെന്ന ആശങ്കയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല