അലക്സ് വർഗ്ഗീസ്: പുതിയതായി ചുമതലയേറ്റ ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതിയുടെ ആദ്യ യോഗം ജൂലൈ 1 മുതൽ 31 വരെ അംഗത്വമാസമായി ആചരിക്കുവാൻ തീരുമാനിച്ചു. ഇതനുസരിച്ച് ജൂലൈ മാസം യുക്മ മെമ്പർഷിപ്പ് ക്യാമ്പയിൻ – 2022 ” ആയി ആചരിക്കപ്പെടുമെന്ന് യുക്മ ദേശീയ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ പ്രവാസ സംഘടനയിൽ അണിചേരാൻ യുകെയിലെ വിവിധ പ്രദേശങ്ങളിലുള്ള മലയാളി അസോസിയേഷനുകൾക്ക് അവസരം ലഭിക്കുകയാണ്. കൂടുതൽ പ്രാദേശിക അസോസിയേഷനുകൾക്ക് യുക്മയിൽ പ്രവർത്തിക്കുന്നതിന് മുൻവർഷങ്ങളിലേതിന് സമാനമായിട്ടാണ് യുക്മ നേതൃത്വം ഈ വർഷവും മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്.
നിലവിൽ ഇംഗ്ളണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻറ് എന്നിവിടങ്ങളിലെ പത്ത് റീജിയണുകളിലായി ഏകദേശം 120 അസ്സോസ്സിയേഷനുകൾ യുക്മയിൽ അംഗങ്ങളാണ്. യു കെ മലയാളികളുടെ കലാ, കായിക, സാമൂഹിക രംഗങ്ങളിലെ ഉന്നമനത്തിനും പരിപോഷണത്തിനുമായി യുക്മ നടത്തി വരുന്ന പ്രവർത്തനങ്ങൾ യു കെ മലയാളികളെ യുക്മയോട് ചേർത്ത് നിർത്തുന്നു. കേരളത്തിലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തോട് കിടപിടിക്കുന്ന യുക്മ കലാമേള, കുട്ടികളുടെയും മുതിർന്നവരുടെയും നൃത്ത കലാ പ്രകടനങ്ങളുടെ മോഹവേദിയാണ്. റീജിയണൽ, ദേശീയ തലങ്ങളിൽ നടത്തപ്പെടുന്ന കലാമേളകൾ പോലെ കായിക മേളയും റീജിയണൽ ദേശീയ തലങ്ങളിൽ നടത്തപ്പെടുന്നു. 2017 മുതൽ നടന്ന് വരുന്ന യുക്മ കേരളപുരം വള്ളംകളി യു കെ മലയാളികളുടെ ഉത്സവമേളയായി മാറിക്കഴിഞ്ഞിട്ടുണ്ട്. സാഹിത്യ രചന, ചിത്ര രചന, യുക്മ സ്റ്റാർ സിംഗർ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളിലൂടെ യു കെ മലയാളികളുടെ മനസ്സിൽ ഇടം പിടിക്കാൻ യുക്മക്ക് കഴിഞ്ഞിട്ടുണ്ട്.
യുക്മ നേഴ്സസ് ഫോറം, യുക്മ ചാരിറ്റി, യുക്മ സാംസ്കാരിക വേദി, യുക്മ യൂത്ത് തുടങ്ങിയ പോഷക സഘടനകളും യുക്മയുടെ കുടക്കീഴിൽ പ്രവർത്തിച്ച് വരുന്നു. പ്രളയജലത്തിൽ മുങ്ങിയ നമ്മുടെ ജന്മ നാടിന് ഒരു കൈത്താങ്ങാകുവാനും യുക്മക്ക് കഴിഞ്ഞു.
യുക്മ ജൂലൈ 2022ൽ നടത്തുന്ന മെംബർഷിപ്പ് ക്യാമ്പയിനിലൂടെ അംഗത്വം എടുക്കാനാഗ്രഹിക്കുന്ന അസോസിയേഷനുകൾ അപേക്ഷകൾക്കായി secretary.uukma@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അറിയിച്ചു.
പുതുതായി അപേക്ഷ സമർപ്പിക്കുന്ന അസോസിയേഷനുകൾ യുക്മയുടെ ഏത് റീജിയൺ പരിധിയിൽ വരുന്നൂ എന്ന് നോക്കി, പ്രസ്തുത റീജിയണൽ പ്രസിഡന്റ്, റീജിയണിൽ നിന്നുള്ള ദേശീയ ഭാരവാഹികൾ, റീജിയണിലെ നാഷണൽ കമ്മറ്റി അംഗം എന്നിവരുടെ അഭിപ്രായം കൂടി അംഗത്വ വിതരണത്തിന് മുൻപ് പരിഗണിക്കുന്നതാണ്. നിലവിൽ യുക്മ അംഗ അസോസിയേഷനുകൾ ഉള്ള പ്രദേശങ്ങളിൽനിന്നും പുതിയ അംഗത്വ അപേക്ഷകൾ വരുന്ന സാഹചര്യങ്ങളിൽ, നിലവിലുള്ള അംഗ അസോസിയേഷനെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടു കൂടിയായിരിക്കും അംഗത്വം വിതരണം ചെയ്യുക
നൂറ്റി അൻപത് പൗണ്ടാണ് യുക്മ അംഗത്വ ഫീസ്. ഇതിൽ എഴുപത്തി അഞ്ച് പണ്ട് അതാത് റീജിയണൽ കമ്മിറ്റികൾക്ക് നൽകുന്നതായിരിക്കും. മുൻ കാലങ്ങളിൽ അപേക്ഷ സമർപ്പിച്ചിട്ട് തീർപ്പു കല്പിപിക്കപ്പെടാതെ പോയിട്ടുള്ള അപേക്ഷകരും പുതിയതായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. യുക്മ അംഗത്വ അപേക്ഷയുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾക്ക് യുക്മ ദേശീയ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ (07904785565) ജനറൽ സെക്രട്ടറി കുര്യൻ ജോർജ് (07877348602) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല