1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2022

സ്വന്തം ലേഖകൻ: മുൻ പ്രധാനമന്ത്രിയും ലോകരംഗത്തെ പ്രശസ്ത ഏഷ്യൻ നേതാക്കളിൽ ഒരാളുമായ ഷിൻസോ ആബെ വെടിയേറ്റു കൊല്ലപ്പെട്ടു. ജപ്പാന്റെ തെക്കൻ നഗരമായ നരായിൽ പ്രസംഗിച്ചുകൊണ്ടിരിക്കവേയാണ് ആബെയ്ക്ക് വെടിയേറ്റത്. അക്രമി രണ്ടു തവണ നിറയൊഴിച്ചു. രണ്ടു ബുള്ളറ്റുകളും ആബെയ്ക്ക് കൊണ്ടോയെന്ന കാര്യത്തിൽ തീർച്ചയില്ല.

വെടിവയ്പിനു ശേഷം കുറച്ചു മിനിറ്റുകൾ ആബെയ്ക്ക് ബോധമുണ്ടായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ നില ഗുരുതരമായി. ഒടുവിൽ മണിക്കൂറുകൾക്കു ശേഷം ആബെ ഹോസ്പിറ്റലിൽ വച്ച് മരണപ്പെടുകയായിരുന്നു. തന്റെ പാർട്ടിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടിയിലെ സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർഥമായിരുന്നു ആബെയുടെ പ്രസംഗം.

ടെറ്റ്‌സൂയ യമഗാമി എന്ന 41 വയസ്സുകാരനാണ് ആബെയെ വെടിവച്ചത്. വലുപ്പമുള്ള തോക്ക് ഉപയോഗിച്ചാണ് യമഗാമി കൃത്യം നിർവഹിച്ചത്. വെടിവയ്പിനു ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിക്കാതിരുന്ന യമഗാമിയെ ഉടൻ തന്നെ പൊലീസ് അധികൃതർ അറസ്റ്റ് ചെയ്തു. തദ്ദേശീയമായി നിർമിച്ച ഷോട്ഗൺ തോക്കാണ് അക്രമി ഉപയോഗിച്ചതെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. അക്രമി തന്നെയാണ് ഇതു നിർമിച്ചതെന്ന സാധ്യതയും പൊലീസ് മുന്നോട്ടുവച്ചു. വളരെ വ്യത്യസ്തമായ ശബ്ദവും ഉയർന്ന അളവിൽ പുകയും ഈ തോക്കിൽ നിന്നു വമിച്ചിരുന്നു.

തോക്കുപയോഗിച്ചുള്ള ക്രൈം സംഭവങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും പൊതുവെ വളരെ അപൂർവമാണ് ജപ്പാനിൽ. രാജ്യത്തെ സമുന്നതനായ നേതാവിനു നേർക്ക് തന്നെ ഇങ്ങനെയൊരു ദുർവിധിയുണ്ടായത് ജപ്പാനിൽ മാത്രമല്ല, ലോകമെങ്ങും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയായ ഷിൻസോ ആബെ രാജ്യത്തിന്‌റെ പ്രതിരോധ, സാമ്പത്തിക നയങ്ങളിൽ വലിയ മാറ്റമുണ്ടാക്കിയ നേതാവാണ്. ജപ്പാനിൽ അദ്ദേഹം നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ ആബെനോമിക്‌സ് എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്.

ജപ്പാൻ നാവികസേനയുടെ ഭാഗമായ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സിൽ അംഗമായിരുന്നു കൊലയാളിയായ യമഗാമിയെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2005 വരെയുള്ള കാലയളവിൽ 3 വർഷമാണ് യമഗാമി സൈന്യത്തിൽ പ്രവർത്തിച്ചത്. നാവിക സൈനിക പരിശീലനം ഇക്കാലയളവിൽ അയാൾ നേടിയിരുന്നു.

ചാരക്കളർ ടീഷർട് ധരിച്ചുവന്ന യമഗാമി ഷിൻസോയ്ക്ക് പത്തടിമാത്രം ദൂരത്തായാണു പ്രസംഗത്തിനിടെ നിന്നത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ആബെയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണു താൻ വെടിവച്ചതെന്ന് ഇയാൾ സമ്മതിച്ചത്രേ. ഭരണകാലഘട്ടത്തിൽ ആബെ കൊണ്ടുവന്ന പരിഷ്‌കാരങ്ങളോടുള്ള വിയോജിപ്പാണു തന്നെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നും ഇയാൾ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.