സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിലെ ഇരിപ്പിടങ്ങളിൽ മദ്യം അനുവദിക്കില്ല. ആരാധകർക്ക് മൽസരത്തിനു മുൻപും ശേഷവും സ്റ്റേഡിയങ്ങൾക്ക് പുറത്ത് മാത്രമേ ബീയർ അനുവദിക്കുകയുള്ളുവെന്ന് റിപ്പോർട്ട്. കാണികൾക്ക് മത്സരങ്ങൾക്ക് മുൻപും ശേഷവും സ്റ്റേഡിയങ്ങൾക്ക് പുറത്ത് ബീയർ അനുവദിക്കുമെന്ന് റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. മത്സര സമയങ്ങളിൽ കാണികൾക്ക് ഇരിപ്പിടങ്ങളിൽ മദ്യ-രഹിത പാനീയങ്ങൾ മാത്രമേ അനുവദിക്കൂ. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ ലോകകപ്പ്.
അതേസമയം ലോകകപ്പിലെ ബീയർ പോളിസി രൂപീകരിക്കുകയാണെന്ന് ഫിഫയും ഖത്തറുമെന്ന് അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. കാണികൾക്ക് സ്റ്റേഡിയങ്ങൾക്കുള്ളിൽ പ്രീമിയം പാനീയങ്ങൾ അനുവദിച്ചുകൊണ്ടുള്ളതാണ് കഴിഞ്ഞ വർഷത്തെ ഫിഫയുടെ ഹോസ്പിറ്റാലിറ്റി പാക്കേജ്. എന്നാൽ, സ്പോൺസർ കൂടിയായ ബഡ്വൈസർ, ഫിഫ അധികൃതരുടെ അന്തിമ തീരുമാനത്തിനുള്ള കാത്തിരിപ്പിലാണ്.
2019 ൽ ദോഹയിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പിൽ ബീയർ നയങ്ങൾ ഖത്തർ പരീക്ഷിച്ചിരുന്നു. ദോഹയിലെ ഗോൾഫ് ക്ലബിൽ മദ്യം കഴിക്കുന്നതിനുള്ള പ്രത്യേക സോൺ സജ്ജമാക്കിയിരുന്നു. ഏറ്റവും കുറഞ്ഞ നിരക്കായ 6 ഡോളറിനാണ് അന്ന് ബീയർ നൽകിയത്. ഫിഫയുടെ 92 വർഷത്തിലെ ചരിത്രത്തിൽ ഇസ്ലാമിക രാജ്യത്ത് ലോകകപ്പ് നടത്തുന്നത് ഇതാദ്യമാണ്. എല്ലാവർക്കും സ്വീകാര്യമായ നയം പാലിക്കാമെന്ന നിലപാടാണ് നിലവിൽ ഖത്തറിന്റേത്. മത്സരം കാണാൻ എത്തുന്നവർ രാജ്യത്തിന്റെ മൂല്യങ്ങളും സാമൂഹിക രീതികളും പാലിക്കണമെന്നും ഓർമിപ്പിച്ചു.
ലോകകപ്പിന് നാലര മാസങ്ങൾ മാത്രം ശേഷിക്കവെ ആരാധകരെ വരവേൽക്കാനുള്ള അന്തിമ തയാറെടുപ്പ് പൂർത്തിയായിക്കൊണ്ടിരിക്കുന്നു. 15 ലക്ഷത്തോളം കാണികളെയാണ് പ്രതീക്ഷിക്കുന്നത്. 18 ലക്ഷത്തോളം ടിക്കറ്റുകൾ ഇതിനകം വിറ്റഴിച്ചു. ടിക്കറ്റ് വിൽപന ഓഗസ്റ്റ് 16 വരെ തുടരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല