1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2022

സ്വന്തം ലേഖകൻ: മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവത്തെ പാർട്ടിയിൽനിന്നു പുറത്താക്കി അണ്ണാഡിഎംകെ. തിങ്കളാഴ്ച ചേർന്ന പാർട്ടി ജനറൽ കൗണ്‍സിൽ യോഗത്തിൽ എടപ്പാടി പളനിസാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് നീക്കം. ‘പാർട്ടി വിരുദ്ധ’ പ്രവർത്തനങ്ങളുടെ പേരിലാണ് ഒപിഎസിനെ പുറത്താക്കിയത്. പനീർസെൽവത്തെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ നടപടി വേണമെന്ന് ജനറൽ കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നിരുന്നു. ഇതിനെ തുടർന്ന് പ്രത്യേകപ്രമേയം പാസാക്കിയാണ് നടപടി.

മുതിർന്ന നേതാക്കളും ഒപിഎസ് അനുഭാവികളുമായ ജെ.സി.ഡി.പ്രഭാകർ, ആർ.വൈത്തിലിംഗം, പി.എച്ച് മനോജ് പാണ്ഡ്യൻ എന്നിവരെയും അണ്ണാഡിഎംകെയിൽനിന്നു പുറത്താക്കി. അതേസമയം, എടപ്പാടി പളനിസ്വാമിയെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി പനീർസെൽവവും പ്രഖ്യാപിച്ചു. ഒന്നരക്കോടി പാർട്ടി കേഡർമാർ ചേർന്നു കോ–ഓർഡിനേറ്ററായി തിരഞ്ഞെടുത്ത തന്നെ പുറത്താക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ഒപിഎസ് പറഞ്ഞു.

നാല് മാസത്തിനുള്ളിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ ജനറൽ കൗണ്‍സിൽ യോഗത്തിൽ തീരുമാനമായി. ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്കു മത്സരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി. പാർട്ടിയിൽ പ്രാഥമിക അംഗത്വമെടുത്തിട്ട് കുറഞ്ഞത് 10 വർഷമെങ്കിലും ആയവർക്ക് മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത. അന്തരിച്ച നേതാക്കളായ പെരിയോർ ഇ.വി.രാമസാമി, സി.എൻ.അണ്ണാദുരൈ, ജെ.ജയലളിത എന്നിവർക്ക് ഭാരതരത്‌ന നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം യോഗത്തിൽ അംഗീകരിച്ചു.

എടപ്പാടി പളനിസാമി വിളിച്ചുചേർത്ത ജനറൽ കൗണ്‍സിൽ യോഗം തടയണമെന്ന് ആവശ്യപ്പെട്ട് പനീർസെൽവം വിഭാഗം നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. തിങ്കളാഴ്ച രാവിലെ 9.15നു ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന യോഗത്തിന് 9 മണിക്കാണ് കോടതി അനുമതി ന‍ൽകിയത്.

ഹൈക്കോടതി വിധിക്ക് മുന്നോടിയായി ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തിനു പുറത്ത് ഇരു വിഭാഗങ്ങളെയും പിന്തുണയ്ക്കുന്നവർ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ‌സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ അണ്ണാ‍ഡിഎംകെ ആസ്ഥാനത്തിന്റ നിയന്ത്രണം ആർഡിഒ ഏറ്റെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.