1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2022

അലക്സ് വർഗ്ഗീസ്: യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏക വള്ളംകളിയും കാര്‍ണിവലും പ്രദര്‍ശനസ്റ്റാളുകളും ഉള്‍പ്പെടെയുള്ള “കേരളപൂരം 2022″ലേയ്ക്ക്‌ വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നതായി യുക്മ കേരളപൂരം വള്ളംകളിയുടെ ഇവൻ്റ് കോർഡിനേറ്റർ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.

യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്‌മയുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ ബൃഹത്തായ ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്‌. മത്സരവള്ളംകളിയ്ക്കും കാര്‍ണിവലിനും വന്‍ജനപങ്കാളിത്തമാണ്‌ ആദ്യ മൂന്ന് വര്‍ഷങ്ങളിലും ലഭിച്ചത്‌. 22 ടീമുകള്‍ മത്സരിക്കാനും ഏകദേശം മൂവായിരത്തില്പരം ആളുകള്‍ വീക്ഷിക്കാനെത്തുകയും ചെയ്ത 2017 ജൂലൈ 29ന് റഗ്‌ബിയില്‍ വച്ച്‌ നടന്ന ആദ്യവള്ളംകളി മത്സരം വളരെയധികം ആവേശമാണ്‌ യു.കെ മലയാളികളില്‍ ഉയര്‍ത്തിയത്‌.

2018 ജൂണ്‍ 30ന് നടന്ന രണ്ടാമത് വള്ളംകളി സംഘടിപ്പിക്കപ്പെട്ട ഓക്സ്ഫോർഡിലാവട്ടെ 32 ടീമുകളും അയ്യായിരത്തിലധികം കാണികളും ഉണ്ടാവുകയും ചെയ്തു. മൂന്നാമത്തെ വള്ളംകളി 2019 ആഗസ്റ്റ് 31 ന് ഷെഫീൽഡിനടുത്ത് റോഥർഹാമിൽ സംഘടിപ്പിച്ചപ്പോൾ 24 ടീമുകൾ മത്സര രംഗത്തെത്തുകയും, വനിതകളുടെ പ്രദർശന മത്സരവും, മെഗാ തിരുവാതിരയും മറ്റ് കലാപരിപാടികളും ആസ്വദിക്കുവാൻ മാൻവേഴ്സ് തടാകത്തിലേക്ക് ഏഴായിരത്തിൽപ്പരം കാണികളാണ് ഒഴുകിയെത്തിയത്. ഇപ്രാവശ്യം പതിനായിരത്തോളം ആളുകളാണ് വള്ളംകളി കാണുവാൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.

യുക്‌മയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന നാലാമത്‌ മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള “കേരളാ പൂരം 2022” ഓഗസ്റ്റ് 27ന്‌ നടത്തപ്പെടുന്നത്‌ സൗത്ത് യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡ് നഗരത്തിന് സമീപമുള്ള മാന്‍വേഴ്സ് തടാകത്തിൽ തന്നെയാവും.

താഴെ പറയുന്ന വിവിധ ഇനങ്ങള്‍ക്കാണ്‌ കരാറുകള്‍ ക്ഷണിക്കുന്നത്‌.

തല്‍സമയ സംപ്രേക്ഷണം – ലൈവ്‌ ടിവി

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്കിടയില്‍ 2017, 2018, 2019 വര്‍ഷങ്ങളിലെ വള്ളംകളി മത്സരങ്ങളും കാര്‍ണിവലും വലിയ ആവേശമാണുണ്ടാക്കിയത്‌. ആയിരക്കണക്കിന്‌ ആളുകള്‍ തല്‍സമയ പ്രക്ഷേപണം പ്രയോജനപ്പെടുത്തി. കരാര്‍ ഏറ്റെടുക്കുന്ന കമ്പനി/ടിവി ചാനല്‍ പരിപാടിയുടെ ഒഫീഷ്യല്‍ വീഡിയോ/ടിവി പാര്‍ട്ട്‌ണേഴ്‌സ്‌ ആയിരിക്കും.

നിബന്ധനകള്‍:

യു.കെയിലെ നിയമങ്ങള്‍ക്ക്‌ വിധേയമായി വീഡിയോ റെക്കോര്‍ഡിങ്‌ നടത്തുന്നതിനുള്ള ഉപകരണങ്ങള്‍, അവ പ്രവര്‍ത്തിപ്പിക്കുന്നതിന്‌ പരിചയസമ്പന്നരായ സ്റ്റാഫ്‌ എന്നിവയുണ്ടാവണം.

ഉപകരണങ്ങള്‍ക്കും സ്റ്റാഫിനും ആവശ്യമായ ലൈസന്‍സ്‌, ഇന്‍ഷ്വറന്‍സ്‌. അപേക്ഷകള്‍ ലഭിക്കുന്നതില്‍ നിന്നും കരാര്‍ നല്‍കുന്നതിന്‌ പരിഗണിക്കപ്പെടുന്ന സ്ഥാപനങ്ങളില്‍ നിന്നും ഇവയുടെ കോപ്പികള്‍ സംഘാടകസമിതി ആവശ്യപ്പെടുന്നതായിരിക്കും.

അയ്യായിരത്തിൽപ്പരം ആളുകൾ പങ്കെടുത്ത പരിപാടികള്‍ തല്‍സമയ പ്രക്ഷേപണം നടത്തി മുന്‍പരിചയം. നാല്‌ ക്യാമറകളെങ്കിലും ഒരേ സമയം പ്രവര്‍ത്തിക്കുന്നത്‌ ഉണ്ടാവണം. സ്റ്റേജ്‌, കാണികള്‍, വള്ളംകളിയുടെ സ്റ്റാര്‍ട്ടിങ്‌, ഫിനിഷിങ് പോയിന്റുകള്‍ എന്നിവ നിര്‍ബന്ധമായും കവര്‍ ചെയ്യാന്‍ സാധിക്കണം.

ലൈവ്‌ കവറേജ്‌ നല്‍കുന്നതിനൊപ്പം വീഡിയോ റെക്കോര്‍ഡിങ്‌ കൂടി നടത്തേണ്ടതാണ്‌. ഇവ പൂര്‍ണ്ണമായും ഇലക്ട്രോണിക് കോപ്പിയായി പരിപാടി നടന്ന്‌ രണ്ട്‌ ആഴ്‌ച്ചയ്ക്കുള്ളില്‍ സംഘാടക സമിതിയ്ക്ക്‌ കൈമാറണം.

തല്‍സമയ സംപ്രേക്ഷണത്തിനും വീഡിയോ കവറേജിനുമായി സംഘാടകസമിതിയ്ക്ക്‌ നല്‍കേണ്ട തുക സംബന്ധിച്ച്‌ ചുമതലയുള്ളവരെ ബന്ധപ്പെടേണ്ടതാണ്‌. ലൈവ്‌ പ്രോഗ്രാമില്‍ ഉള്‍പ്പെട്ടില്ലെങ്കിലും വി.ഐ.പി ലോഞ്ച്‌, കുട്ടികളുടെ പാര്‍ക്ക്‌ എന്നിവയുടേയും വീഡിയോ കവറേജ്‌ ഉണ്ടായിരിക്കണം.ഡ്രോണ്‍ ഉപയോഗിച്ചുള്ള ഷൂട്ടിങിന്‌ പ്രത്യേക അനുമതി മുന്‍കൂട്ടി പരിപാടി നടക്കുന്ന സ്ഥലത്തിന്റെ ഉടമകളില്‍ നിന്നും വാങ്ങേണ്ടതാണ്‌.

ഫോട്ടോഗ്രാഫി

അഞ്ച്‌ ഫോട്ടോഗ്രാഫര്‍മാരെയെങ്കിലും അറേഞ്ച് ചെയ്യുന്നതിന്‌ സാധിക്കുന്ന വ്യക്തി/കമ്പനിയാവണം. സ്റ്റേജ്‌, കാണികള്‍, വള്ളംകളി സ്റ്റാര്‍ട്ടിങ്‌, ഫിനിഷിങ്‌ പോയിന്റ്‌, വി.ഐ.പി ലോഞ്ച്‌, കുട്ടികളുടെ പാര്‍ക്ക്‌ എന്നിവ പൂര്‍ണ്ണമായിട്ടും കവര്‍ ചെയ്യേണ്ടതാണ്‌.

യു.കെ നിയമങ്ങളെപ്പറ്റി കൃത്യമായ ബോധ്യമുള്ളവരെ/പരിശീലനം ലഭിച്ചവരെയാവണം കരാര്‍ ലഭിക്കുന്നവര്‍ കൊണ്ടുവരേണ്ടത്‌.

ഒഫീഷ്യല്‍ ഫോട്ടോഗ്രാഫി പാര്‍ട്ട്‌ണേഴ്‌സിനു പരിപാടി നടക്കുന്ന സ്ഥലത്ത്‌ പ്രത്യേക സ്റ്റാള്‍ ഒരുക്കി ആളുകളുടെ ചിത്രങ്ങള്‍ പണം ഈടാക്കി എടുക്കുന്നതിന്‌ അനുമതി ഉണ്ടായിരിക്കും. എന്നാല്‍ പ്രോഗ്രാം കവര്‍ ചെയ്യുന്നതിനായി എത്തുന്ന ഫോട്ടോഗ്രാഫര്‍മാരെ ഇതിനായി നിയോഗിക്കുവാന്‍ പാടില്ല.

ഫുഡ്‌ സ്റ്റാള്‍

ഔട്ട്‌ ഡോര്‍/ഇവന്റ്‌ കേറ്ററിങ്‌ നടത്തിയിട്ടുള്ള സ്ഥാപനങ്ങള്‍/വ്യക്തികളുടെ അപേക്ഷകള്‍ക്കാവും മുന്‍ഗണന. വലിയ പരിപാടികള്‍ക്ക്‌ കേറ്ററിങ്‌ നടത്തിയിട്ടുള്ളവരെയും ചുരുങ്ങിയത്‌ മൂന്ന്‌ വര്‍ഷമെങ്കിലും തുടര്‍ച്ചയായി റസ്റ്റോറന്റ്‌ ബിസ്സിനസ്സ്‌ നടത്തുന്നവരെയും പരിഗണിക്കുന്നതാണ്‌.

ഇവന്റ്‌ നടക്കുന്ന സ്ഥലത്ത്‌ കിച്ചന്‍ സൗകര്യമില്ല. ഭക്ഷണം പാകം ചെയ്യുന്നതിന്‌ താല്‍ക്കാലിക കിച്ചന്‍ ഒരുക്കുന്നതിനുള്ള സൗകര്യം, ആവശ്യമായ വെള്ളം എന്നിവ ലഭ്യമാക്കുന്നതാണ്‌. താല്‍ക്കാലിക കിച്ചന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി/ഇന്ധനം കരാര്‍ ഏറ്റെടുക്കുന്നവര്‍ ഒരുക്കേണ്ടതാണ്‌. ഭക്ഷണം നല്‍കുന്ന സ്റ്റാളുകള്‍ക്ക്‌ ആവശ്യമായ വൈദ്യുതി സംഘാടക സമിതി അറേഞ്ച് ചെയ്യും.

യു.കെ നിയമങ്ങള്‍ക്ക്‌ വിധേയമായ ഉപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ മാത്രമേ കരാര്‍ ലഭിക്കുന്ന കമ്പനി ഉപയോഗിക്കാവൂ.

ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ആവശ്യമായ ലൈസന്‍സ്‌, ഇന്‍ഷ്വറന്‍സ്‌ എന്നിവയുടെ കോപ്പികള്‍ പരിഗണിക്കപ്പെടുന്ന കമ്പനികളില്‍ നിന്നും സംഘാടകസമിതി ആവശ്യപ്പെടുന്നതനുസരിച്ച്‌ കൈമാറണം. ഇതിനു കാലതാമസം വരുത്തുന്നവരുടെ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

മൂന്ന് ഭക്ഷണ വിതരണ കൗണ്ടറുകളെങ്കിലും പരിപാടി നടക്കുന്ന സ്ഥലത്ത്‌ വിവിധ ഭാഗങ്ങളിലായി ഒരുക്കേണ്ടതാണ്‌. ഏറ്റവുമധികം തിരക്ക്‌ അനുഭവപ്പെടുന്ന 11.30 മുതല്‍ 3.30 വരെ ഇവ മൂന്നും തുറന്ന്‌ പ്രവര്‍ത്തിക്കേണ്ടതാണ്‌.

വി.ഐ.പി ലോഞ്ചില്‍ ബ്രേക്ക്‌ ഫാസ്റ്റ്‌, ലഞ്ച്‌, കോഫി എന്നിവ നിര്‍ദ്ദിഷ്ട സമയങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കേണ്ടതാണ്‌.

ഭക്ഷണ മെനു, വില, അളവ്‌ എന്നിവ സംബന്ധിച്ച്‌ കരാര്‍ ലഭിക്കുന്ന കമ്പനിയ്ക്ക്‌ കൃത്യമായ നിര്‍ദ്ദേശം സംഘാടകസമിതി നല്‍കുന്നതായിരിക്കും. ഇതില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.

ലിക്വര്‍ സ്റ്റാള്‍

പരിപാടി നടക്കുന്ന സ്ഥലത്ത്‌ ആല്‍ക്കഹോള്‍ അനുവദനീയമാണ്‌. ബിയര്‍, വൈന്‍, ലിക്വര്‍ എന്നിവ ഔട്ട്‌ഡോര്‍ വില്‍ക്കുന്നതിന്‌ ലൈസന്‍സ്‌ ഉള്ള ആളുകള്‍ക്ക്‌ അവയുടെ കോപ്പി സഹിതം സംഘാടകസമിതിയ്ക്ക്‌ അപേക്ഷ നല്‍കാവുന്നതാണ്‌. ലിക്വര്‍ സ്റ്റാളിന്റെ നടത്തിപ്പ്‌ സംബന്ധിച്ച്‌ കര്‍ശനമായ നിബന്ധനകള്‍ ഉണ്ടായിരിക്കും. കരാര്‍ ലഭിക്കുന്ന കമ്പനി/വ്യക്തിയുമായി ഇത്‌ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ച നടത്തുന്നതായിരിക്കും.

സ്റ്റേജ്‌

10മീ നീളവും 6മീ വീതിയും ഉള്ള സ്റ്റേജ്‌ ആവണം. സ്റ്റേജ്‌ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക്‌ സംഘാടകസമിതിയുമായി ബന്ധപ്പെടാവുന്നതാണ്‌.

സൗണ്ട്‌ ആന്റ്‌ ജനറേറ്റര്‍

കുറഞ്ഞത്‌ പതിനായിരം വാട്ട്‌സ്‌ ശബ്ദസൗകര്യം ഒരുക്കാന്‍ സാധിക്കണം. 65 കിലോവാട്ട്‌സ്‌ ശേഷിയുള്ള ജനറേറ്റര്‍ ഉണ്ടാവേണ്ടതാണ്‌.

മാര്‍ക്വീ/ ഗസീബോ

സ്റ്റേജുകളില്‍ പരിപാടി നടത്തുന്നതിന്‌ ഗ്രീന്‍ റൂം, വിവിധ സ്പോണ്‍സര്‍മാര്‍ക്കുള്ള സ്റ്റാളുകള്‍ എന്നിവയ്ക്ക്‌ മാര്‍ക്വീ/ഗസീബോ ഒരുക്കണം. ഇവയുടെ അളവുകള്‍ സംബന്ധിച്ച്‌ സംഘാടകസമിതിയുമായി ബന്ധപ്പെടണം.

ചെണ്ടമേളം:

പരിപാടിയ്ക്ക്‌ മേളക്കൊഴുപ്പേകുന്നതിന്‌ വേണ്ടിയാണ്‌ ചെണ്ടമേളം. കുറഞ്ഞത്‌ 25 അംഗങ്ങളെ എങ്കിലും ചെണ്ടമേളം ടീം പങ്കെടുപ്പിക്കേണ്ടതാണ്‌. ഒന്നോ അതിലധികം സ്ഥലങ്ങള്‍/അസോസിയേഷനുകള്‍ ചേര്‍ന്ന്‌ ഈ ടീമിനെ ഒരുക്കാവുന്നതാണ്‌.

സെക്യൂരിറ്റി /ക്ലീനിങ്/പാര്‍ക്കിങ് അറ്റന്റന്റുകള്‍

സെക്യൂരിറ്റി, ക്ലീനിങ്‌, പാര്‍ക്കിങ് എന്നിവ കൈകാര്യം ചെയ്യുന്നതിന്‌ ആളുകളെ നിയോഗിക്കുവാന്‍ മതിയായ മുന്‍പരിചയമുള്ള കമ്പനി/വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഇവരുടെ എണ്ണം സംബന്ധിച്ച്‌ കരാര്‍ ലഭിക്കുവരെ അറിയിക്കുന്നതാണ്‌. സെക്യൂരിറ്റി സ്റ്റാഫിന്‌ യു.കെ നിയമങ്ങള്‍ക്ക്‌ അനുസരിച്ചുള്ള ബാഡ്‌ജ്‌ നിര്‍ബന്ധമാണ്‌.

മേല്‍പറഞ്ഞിരിക്കുന്ന ഇനങ്ങളില്‍ ഓരോന്നിന്‌ മാത്രമായോ, ഒന്നിലേറെ ഇനങ്ങള്‍ക്കായോ, എല്ലാം കൂടി ഏറ്റെടുക്കുവാന്‍ കഴിയുന്ന വിധത്തിലുള്ള ഇവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനികള്‍ക്കോ സംഘാടകസമിതിയെ സമീപിക്കാവുന്നതാണ്.

“കേരളാ പൂരം 2022” കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ്:-

ഡോ.ബിജു പെരിങ്ങത്തറ – 07904785565,
കുര്യൻ ജോർജ് – 07877348602,
എബി സെബാസ്റ്റ്യൻ – 07702862186

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.