സ്വന്തം ലേഖകൻ: രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കും. ജാർഖണ്ഡ് മുൻ ഗവർണർ ദ്രൗപദി മുർമുവും യശ്വന്ത് സിൻഹയുമാണ് നാളെ ഏറ്റുമുട്ടുന്നത്. എൻഡിഎ സ്ഥാനാർഥിയായ ദ്രൗപദി മുർമു 60 ശതമാനത്തിലധികം വോട്ടുകൾ ഇതിനകം ഉറപ്പാക്കി കഴിഞ്ഞു. യശ്വന്ത് സിൻഹക്ക് മികച്ച മത്സരം കാഴ്ച വെക്കാൻ സാധിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിശ്വാസം.
നാളെ പാര്‍ലമെൻ്റിന്‍റെ വർഷകാല സമ്മേളനം ആരംഭിക്കുകയാണ്. എൻഡിഎ സഖ്യവും പ്രതിപക്ഷ പാർട്ടികളും രാഷ്‌ട്രപതി തെരഞ്ഞെടുപ്പിനും വർഷകാല സമ്മേളനത്തിനും മുന്നോടിയായി ഇന്ന് ഡൽഹിയിൽ യോഗം ചേരും. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്‍റെ മോക് ഡ്രില്ലും ഇന്ന് ബിജെപി ആസ്ഥാനത്ത് നടന്നേക്കും.
അതെ സമയം എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകറിനെ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പ്രഖ്യാപിച്ചു. പ്രതിപക്ഷ സ്ഥാനാർത്ഥിയാരെന്ന് ഇത് വരെ തീരുമാനമായിട്ടില്ല. പ്രതിപക്ഷ പാർട്ടികൾ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ കണ്ടെത്താനും ഇന്ന് ചർച്ച നടത്തും.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി നിരന്തരം ഉണ്ടായിരുന്ന പോരിലൂടെയാണ് ജഗദീപ് ധൻകർ വാർത്തകളിൽ ഇടം നേടിയത്. ‘കർഷക പുത്രൻ’ എന്നാണ് ജാട്ട് സമുദായ അംഗം കൂടിയായ ജഗദീപ് ധൻകറിനെ ജെ പി നദ്ദ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് വിശേഷിപ്പിച്ചത്. സുപ്രീംകോടതി അഭിഭാഷകനായും ജഗദീപ് ധൻകർ പ്രവർത്തിച്ചിട്ടുണ്ട്.
പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലേക്കും നിയമസഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക. നാളെ രാവിലെ പത്ത് മണിക്കാണ് വോട്ടിങ് ആരംഭിക്കുന്നത്. ആകെയുള്ള 10,86,431 വോട്ടു മൂല്യത്തിൽ ദ്രൗപദി മുർമുവിന് 6.6 ലക്ഷത്തിലധികം വോട്ടുകൾ ഉറപ്പായിട്ടുണ്ട്. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് 4.19 ലക്ഷം വോട്ടുകളുമാണ് ഉറപ്പായിട്ടുള്ളത്. 94 പേരാണ് നാമനിർദേശ പത്രിക നൽകിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല