സ്വന്തം ലേഖകൻ: ലഗേജുകള്‍ ഹാർഡ്ബോർഡ് പെട്ടികളിൽ പാക്ക് ചെയ്ത് നാട്ടില്‍ പോകുന്നതാണ് മലയാളികളുടെ ശീലം. എന്നാല്‍, പെട്ടികൾ തിരഞ്ഞെടുക്കുന്നതില്‍ അശ്രദ്ധ പിണഞ്ഞാല്‍ എയര്‍പോർട്ടിനകത്ത് വലിയ വില നല്‍കേണ്ടി വരും. സംഗതി നിസ്സാരമാണ്, സാധനങ്ങള്‍ പാക്ക് ചെയ്യാന്‍ തിരഞ്ഞെടുക്കുന്ന പെട്ടിക്ക് പുറത്ത് തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് എംബ്ലമുള്ളവ ഒഴിവാക്കണമെന്ന് മാത്രം.
അറിയാതെ അത്തരം എംബ്ലമുള്ള പെട്ടികളില്‍ സാധനങ്ങള്‍ പാക്ക് ചെയ്ത് എയര്പോട്ടിലെത്തുകയും കൗണ്ടറിലുള്ളവരുടെ ശ്രദ്ധയില്‍പെടുകയും ചെയ്താല്‍ അത് ഒഴിവാക്കി പാക്ക് ചെയ്യാന്‍ നിർദേശിക്കും. വ്യോമയാത്ര നിയമപ്രകാരം അത്തരം അടയാളങ്ങള്‍ പ്രിന്റു ചെയ്ത പെട്ടികൾ നിയമ വിരുദ്ധമാണ്.
പഴയ കാല കളര്‍ ടിക്കറ്റുകളില്‍ ചിത്ര സഹിതം മുന്നറിയിപ്പ് ഉണ്ടാകാറുണ്ടായിരുന്നു. ഇപ്പോഴുള്ള ഓണ്‍ലൈന്‍ പ്രിന്റൗട്ടുകളില് അത്തരം മുന്നറിയിപ്പുകളൊന്നും കാണാറില്ല. നാട്ടില്‍ പോകുന്നവരുടെ പക്കല്‍ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും മിഠായികളുമൊക്കെ അടങ്ങിയ പെട്ടികളാണെങ്കിലും അധികൃതരുടെ കണ്ണിൽ അത് സ്ഫോടന സാധ്യതയുള്ള സാധനങ്ങള്‍ അടങ്ങിയതെന്നാണ് സൂചന.
അതിനാലാണ് ഒഴിവാക്കാന്‍ പറയുന്നത്. അത്തരം പെട്ടികളില്‍ സാധനങ്ങള്‍ പാക്ക് ചെയ്ത് യാത്രക്കെത്തിയ മത്രയില്നിന്നുള്ള കുടുംബം കൗണ്ടറിന് പുറത്തുള്ള പാക്കിങ് ജീവനക്കാരെ സമീപിച്ച് 15 റിയാല്‍ നൽകി വീണ്ടും പാക്ക് ചെയ്യുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല