സ്വന്തം ലേഖകൻ: ചരിത്ര തകര്‍ച്ചയില്‍ ഇന്ത്യന്‍ രൂപ, യു എസ് ഡോളറിനെതിരെ വീണ്ടും റെക്കോർഡ് ഇടിവ് രേഖപ്പെടുത്തി 80 കടന്നും രൂപയുടെ മൂല്യം ഇടിയുകയാണ്. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 79.97 എന്ന നിലയിലേക്ക് ഇടിഞ്ഞിരുന്നു, എങ്കിലും 80 തോട്ടിരുന്നില്ല. എന്നാല്‍, ഇന്ന് 79.98 എന്ന നിലയില്‍ പ്രാദേശിക കറൻസി വ്യാപാരം ആരംഭിച്ചതിന് ശേഷം 80.0175 എന്ന റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു രൂപ.
അന്താരാഷ്ട്ര വിപണിയില്‍ ഡോളറിന്റെ മൂല്യം ഉയരുന്നതും രാജ്യത്തെ വ്യാപാരക്കമ്മിയും രൂപയുടെ മൂല്യത്തെ തളർത്തി. ഈ വർഷം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം 7 ശതമാനമാണ് ഇടിഞ്ഞത്. ഡോളർ ശക്തിപ്പെട്ടതും വിദേശനിക്ഷേപകരുടെ പിൻമാറ്റവുമാണ് (Foreign Institutional Investors – FIIs) രൂപയ്ക്ക് തിരിച്ചടിയായത് എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
ഇന്ത്യന്‍ രൂപയെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര സർക്കാർ നിരവധി നടപടികൾ ഇതിനോടകം സ്വീകരിച്ചിരുന്നു. സ്വർണ്ണത്തിന്റെ കസ്റ്റംസ് തീരുവയും പെട്രോൾ, ഡീസൽ, എടിഎഫ് എന്നിവയുടെ കയറ്റുമതിയുടെ നികുതി വർദ്ധനയും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഈ സാമ്പത്തിക നയങ്ങള്‍ ആഭ്യന്തര വിലയിൽ യാതൊരു സ്വാധീനവും ചെലുത്തില്ലെങ്കിലും രൂപയുടെ ഇടിവ് നിയന്ത്രിക്കുന്നതിന് സഹായിയ്ക്കുമെന്നായിരുന്നു വിലയിരുത്തല്‍.
സ്വർണത്തിന്റെ ഇറക്കുമതി നികുതി 7.5 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തിയതും ഇത് ലക്ഷ്യമിട്ടാണ്. ഇറക്കുമതി കുറയുമ്പോള്‍ സമ്പദ് വ്യവസ്ഥയിൽ ഡോളറിന്റെ ഡിമാൻഡ് കുറയുകയും ഡോളറിന്റെ കുതിച്ചുയരുന്ന മൂല്യം കുറയുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. വിപണി അവലോകാനം അനുസരിച്ച് ഹ്രസ്വകാലത്തേയ്ക്കെങ്കിലും രൂപയുടെ മൂല്യം ഇതേ നിലയില്‍ തുടരാനാണ് സാധ്യത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല