1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2022

സ്വന്തം ലേഖകൻ: എബോളയ്‌ക്ക് സമാനമായ രോഗലക്ഷണങ്ങളോട് കൂടിയ മാരക വൈറസ് രോഗമായ മാർബർഗ് വൈറസ് ബാധ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന പ്രസ്താവന ഇറക്കി.

മാർബർഗ് വൈറസ് ബാധ സ്ഥിരീകരിച്ച രണ്ട് രോഗികളും മരിച്ചു. വയറിളക്കം, പനി, മനം പിരട്ടൽ, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങളോട് കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളാണ് മരിച്ചത്. ഏകദേശം നൂറോളം പേർക്ക് ഇവരുമായി സമ്പർക്കം ഉണ്ടായതായും കണ്ടെത്തി.

88 ശതമാനം മരണ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ള ഈ രോഗം ബാധിച്ചാൽ തലച്ചോറിലെ ധമനികൾ പൊട്ടിയാണ് മരണം സംഭവിക്കുക. എബോള രോഗത്തിന് കാരണമായ വൈറസ് കുടുംബത്തിൽ പെട്ടതാണ് മാർബർഗ് വൈറസ്.

കടുത്ത പനിയോടെ ആരംഭിക്കുന്ന രോഗലക്ഷണങ്ങൾ, തലവേദനയിലേക്ക് നയിക്കും. തുടർന്ന് ക്ഷീണം അനുഭവപ്പെടുകയും രണ്ടാം ഘട്ട രോഗലക്ഷണങ്ങളായ വയറിളക്കം, പനി, മനം പിരട്ടൽ, ഛർദ്ദി എന്നിവയിലേക്ക് നയിക്കുകയും ഒടുവിൽ മസ്തിഷ്കത്തിൽ രക്തസ്രാവം ഉണ്ടായി മരണം സംഭവിക്കുകയും ചെയ്യും.

പഴം ഭക്ഷിക്കുന്ന വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്കും, പിന്നീട് സമ്പർക്കത്തിലൂടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും രോഗം വ്യാപിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. രോഗിയുടെ ശരീര സ്രവങ്ങളുമായുള്ള സമ്പർക്കം അങ്ങേയറ്റം അപകടകരമാണ്.

കൃത്യവും ശക്തവുമായ പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മാർബർഗ് ബാധ കൈവിട്ട് പോകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. വൈറസ് രോഗമായതിനാൽ ബാധിച്ചു കഴിഞ്ഞാൽ ഫലപ്രദമായ ചികിത്സ ലഭ്യമല്ല. അപൂർവ്വ രോഗമായതിനാൽ വാക്സിനും ലഭ്യമല്ല. നിർജ്ജലീകരണം ഒഴിവാക്കി രോഗികളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരാൻ വളരെ അപൂർവ്വമായി സാധിച്ചിട്ടുള്ളതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിക്കുന്നു.

1967ൽ ജർമ്മനിയിലെ മാർബർഗ്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലും സെർബിയയിലെ ബൽഗ്രേഡിലുമാണ് രോഗബാധ ആദ്യമായി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ആഫ്രിക്കൻ രാജ്യമായ ഗിനിയയിലും മാർബർഗ് വൈറസ് ബാധ ഉണ്ടായിരുന്നു. രോഗം ബാധിച്ച എല്ലാവരും മരിച്ചതായാണ് വിവരം.

യുഗാണ്ട, കെനിയ, അംഗോള, ദക്ഷിണാഫ്രിക്ക ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലും മാർബർഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2005ൽ അംഗോളയിൽ ഉണ്ടായ രോഗബാധയിൽ ഇരുനൂറിലേറെ പേർ മരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.