1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2022

സ്വന്തം ലേഖകൻ: പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബഹ്‌റൈനിലേക്കും സര്‍വീസ് നടത്തുന്നു. ഓഗസ്റ്റ് ആദ്യം മുതല്‍ ആദ്യ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റഅ ബുക്കിംഗ് ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇന്‍ഡിഗോയുടെ ഇരുപത്തി അഞ്ചാമത്തെ അന്താരാഷ്ട്ര സര്‍വീസാണ് ബഹ്‌റൈനിലേക്ക് ആരംഭിക്കുന്നത്. എയര്‍ലൈന്‍ സര്‍വീസ് നടത്തുന്ന ആറാമത്തെ ജിസിസി രാജ്യം കൂടിയാണ് ബഹ്‌റൈന്‍.

റോയല്‍ കാമല്‍ ഫാം, ഐലന്റ് ഓഫ് പേള്‍സ്, ട്രേഡ് സെന്ററിലെ ട്വിന്‍ ടവേഴ്‌സ് തുടങ്ങി ബഹ്‌റൈനിലെ ഒട്ടനവധി ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യമൊരുക്കുകയാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇന്‍ഡിഗോ ചീഫ് സ്ട്രാറ്റജി ആന്റ് റെവന്യൂ ഓഫീസര്‍ സഞ്ജയ് കുമാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ബഹ്‌റൈനില്‍ നിന്ന് മുംബൈയിലേക്ക് നോണ്‍സ്‌റ്റോപ്പ് സര്‍വീസുകള്‍ നടത്താനാണ് പദ്ധതി. ഇന്ത്യയിലേക്കുള്ള എല്ലാ സര്‍വീസുകളും മുംബൈ വഴി ആയിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മുംബൈയില്‍ നിന്ന് ഇന്‍ഡിഗോ ആഭ്യന്തര സര്‍വീസ് നടത്തുന്ന എല്ലാ വിമാനത്താവളങ്ങളിലേക്കും ബഹ്‌റൈനില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

മുംബൈ എയര്‍പോര്‍ട്ടില്‍ ഇറങ്ങി ടെര്‍മിനല്‍ ഒന്നില്‍ നിന്ന് രണ്ടിലെത്തിയാണ് ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് യാത്ര തിരിക്കുക. ടെര്‍മിനല്‍ രണ്ടിലെത്താന്‍ എയര്‍ലൈന്‍സിന്റെ ഷട്ടില്‍ ബസ് സര്‍വീസ് സൗകര്യമുണ്ടായിരിക്കും. യാത്രക്കാര്‍ ഹാന്‍ഡ് ബാഗേജ് മാത്രം കൈവശം എടുത്താല്‍ മതിയാകും. ചെക്ക് ഇന്‍ ബാഗേജ് എയര്‍ലൈന്‍സ് തന്നെ ആഭ്യന്തര വിമാനത്തില്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ത്യയില്‍നിന്ന് ബഹ്‌റൈനിലേക്ക് വരുമ്പോള്‍ മുംബൈയില്‍ വച്ചായിരിക്കും യാത്രക്കാരുടെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക. ബഹ്‌റൈനില്‍നിന്നുള്ള യാത്രക്കാരന് 30 കിലോയാണ് ചെക്ക് ഇന്‍ ലഗേജ് അനുവദിക്കുക. ആഭ്യന്തര വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴും ഇതേ തൂക്കം തന്നെ അനുവദിക്കും. ഓഗസ്റ്റ് രണ്ടിനാണ് ബഹ്‌റൈനില്‍ നിന്ന് കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.