സ്വന്തം ലേഖകൻ: സൗദിയില്‍ മൂന്നു മാസത്തില്‍ കുറഞ്ഞ കാലയളവിലേക്ക് കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വാടകക്കരാര്‍ ചുരുങ്ങിയത് മൂന്നു മാസത്തേക്ക് മാത്രമേ അനുവദിക്കൂ എന്ന് സൗദി മുനിസിപ്പല്‍ ഗ്രാമ പാര്‍പ്പിടകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഈജാര്‍ അതോറിറ്റി വ്യക്തമാക്കി.
ഇനി മുതല്‍ കെട്ടിട വാടക കരാര്‍ അഥവാ ഈജാറിന്‍റെ ഏറ്റവും കുറഞ്ഞ സമയപരിധി മൂന്ന് മാസമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുണ്ടാക്കുന്ന കരാര്‍ ഈജാര്‍ നെറ്റ് വര്‍ക്ക് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ കാലപരിധിയാണിത്. രാജ്യത്ത് കഴിയുന്ന വിദേശികള്‍ക്ക് ഇഖാമ പുതുക്കുന്നതിന് ഈജാര്‍ കരാര്‍ നിര്‍ബന്ധമാണ്.
കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുണ്ടാക്കുന്ന വാടക കരാര്‍ ഈജാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കാലാവധി എത്രയാണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. കുറഞ്ഞത് മൂന്ന് മാസം കാലാവധിയില്ലെങ്കില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് ഈജാര്‍ അതോറിറ്റി വ്യക്തമാക്കി.
കെട്ടിടത്തിന്‍റെ വാടക, എത്ര ഗഡുക്കളായി അത് അടക്കാം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് കെട്ടിട ഉടമയും വാടകക്കാരനും തമ്മില്‍ ധാരണയിലെത്തണം. ഇരുവരുടെയും പരസ്പര സമ്മതത്തോടെയാണ് കരാറില്‍ ഏര്‍പ്പെടേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കി. കരാര്‍ അവസാനിപ്പിക്കുന്നതിനും ഇതേ സംവിധാനം പ്രയോജനപ്പെടുത്തണം. പാര്‍പ്പിട ആവശ്യങ്ങള്‍ക്കുള്ള ഈജാര്‍ കരാറുകള്‍ക്ക് നികുതി ബാധകമല്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല