1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2022

സ്വന്തം ലേഖകൻ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡബ്ല്യൂ.എച്ച.ഒ ഡയറക്ടര്‍ ടെഡ്രോസ് അഥാനം ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കൂടുതല്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.

72 രാജ്യങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മെയ് മുതലാണ് രോഗം മറ്റ് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിച്ചത്. ആഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന രോഗമായിരുന്നു മങ്കിപോക്‌സ്.

യൂറോപ്യന്‍ രാജ്യങ്ങളിലാണ് നിലവില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. 20 യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിനോടകം മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അതിവേഗത്തില്‍ രോഗം പടരുകയാണെങ്കിലും രാജ്യാന്തര യാത്രകളേയോ വ്യാപാരങ്ങളയോ രോഗം ബാധിക്കാന്‍ സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടനാ യോഗത്തില്‍ വ്യക്തമാക്കി.

കേരളത്തില്‍ ഇതുവരെ മൂന്ന് മങ്കിപോക്‌സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കേസുകള്‍ സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കൊല്ലം,കണ്ണൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് പേരും യു.എ.ഇയില്‍ നിന്ന് എത്തിയവരാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നാല് വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കാനുള്ള സംവിധാനം നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആലപ്പുഴ എന്‍.ഐ.വിയിലാണ് ആദ്യമായി പരിശോധന ആരംഭിച്ചത്. സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ അടിയന്തരമായി എന്‍.ഐ.വി പൂനയില്‍ നിന്നും ടെസ്റ്റ് കിറ്റുകള്‍ എത്തിച്ചാണ് പരിശോധന ആരംഭിച്ചത്. ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ എന്‍.ഐ.വി ആലപ്പുഴയിലേക്ക് അയച്ച് തുടങ്ങിയിട്ടുണ്ടെന്നും കേരള ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു.

ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലൂടെയാണ് മങ്കിപോക്സ് സ്ഥിരീകരിക്കുന്നത്. രോഗിയുടെ മൂക്ക്, തൊണ്ട എന്നിവയില്‍ നിന്നുള്ള സ്രവം, ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന കുമിളകളില്‍ നിന്നുള്ള സ്രവം, മൂത്രം, രക്തം തുടങ്ങിയ സാമ്പിളുകള്‍ കോള്‍ഡ് ചെയിന്‍ സംവിധാനത്തോടെയാണ് ലാബില്‍ അയയ്ക്കുന്നത്. ആര്‍.ടിപി.സി.ആര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വൈറസിന്റെ ജനിതക വസ്തുവായ ഡി.എന്‍.എ കണ്ടെത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

മങ്കിപോക്സിന് രണ്ട് പി.സി.ആര്‍ പരിശോധനകളാണ് നടത്തുന്നത്. ആദ്യം പോക്സ് ഗ്രൂപ്പില്‍പ്പെട്ട വൈറസ് കണ്ടുപിടിക്കാനുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ് നടത്തുന്നത്. അതിലൂടെ പോക്സ് ഗ്രൂപ്പില്‍പ്പെട്ട വൈറസുണ്ടെങ്കില്‍ അതറിയാന്‍ സാധിക്കും. ആദ്യ പരിശോധനയില്‍ പോസിറ്റീവായാല്‍ തുടര്‍ന്ന് മങ്കിപോക്സ് സ്ഥിരീകരിക്കുന്ന പരിശോധന നടത്തും. ഇതിലൂടെയാണ് മങ്കി പോക്സ് സ്ഥിരീകരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.