സ്വന്തം ലേഖകൻ: യാത്രയ്ക്കിടെ വിമാനത്തിൽ നിന്നും കഴിക്കാൻ വാങ്ങിയ ഭക്ഷണത്തിൽ പാമ്പിന്റെ തല കണ്ടെത്തി. തുർക്കി ആസ്ഥാനമായുള്ള എയർലൈൻ കമ്പനിയുടെ വിമാനമാണ് വിവാദത്തിലായിരിക്കുന്നത്. ജൂലൈ 21 ന് തുർക്കിയിലെ അങ്കാറയിൽ നിന്ന് ജർമ്മനിയിലെ ഡസൽഡോർഫിലേക്കുള്ള സൺഎക്സ്പ്രസ് വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവം.
യാത്രാമദ്ധ്യേ കഴിക്കാൻ കമ്പനി നൽകിയ ഭക്ഷണത്തിലാണ് പാമ്പിൻ തല കണ്ടെത്തിയത്. ഭക്ഷണപൊതി തുറന്ന് കഴിച്ചു തുടങ്ങിയ യാത്രക്കാരന് പച്ചക്കറികൾക്കിടയിൽ നിന്നും പാമ്പിന്റെ തല ലഭിക്കുകയായിരുന്നു. ഇത് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരത്തുകയും വിവാദം സൃഷ്ടിക്കുകയും ചെയ്തു. ട്വിറ്ററിൽ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. വീഡിയോയിൽ ഭക്ഷണത്തിന് നടുവിൽ പാമ്പിന്റെ തല കിടക്കുന്നത് കാണാം.
സംഭവം വിവാദമായതോടെ എയർലൈൻ ഉടൻതന്നെ പ്രതികരണം നടത്തി. തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുന്നുവെന്നും ഭക്ഷ്യ വിതരണക്കാരുമായുള്ള കരാർ താത്കാലികമായി തങ്ങൾ റദ്ദാക്കിയെന്നും എയർലൈൻ അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സൺ എക്സ്പ്രസ് വിമാന കമ്പനി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല