സ്വന്തം ലേഖകൻ: കോഴിക്കോട്: ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കോടതി ചൊവ്വാഴ്ച വിധി പറയും. ഇന്ന് വരെ സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. പ്രതിക്കെതിരെ പുതിയ പരാതി വന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി,
എസ് സി/ എസ് ടി വകുപ്പുകൾ നിലനിൽക്കുമെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും വാദിച്ചു. ഊന്നു വടിയില്ലാതെ നടക്കാൻ കഴിയാത്തയാളാണ് സിവിക് ചന്ദ്രനെന്ന് പ്രതിഭാഗം വാദിച്ചു. വാട്സ്ആപ്പ് സന്ദേശങ്ങളും മറ്റും പ്രോസിക്യൂഷൻ ഹാജരാക്കി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തിരിക്കുന്നത്.
അതേസമയം, സിവിക് ചന്ദ്രനെതിരെ ഒരു യുവ എഴുത്തുകാരി കൂടി ലൈംഗികപീഡന പരാതി നൽകി. 2020ൽ പീഡിപ്പിക്കാൻ ശ്രമിച്ചു കേസ്. കൊയിലാണ്ടി പൊലീസ് തന്നെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, സിവിക്കിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ദലിത് സംഘടനകൾ പ്രതിഷേധത്തിലാണ്.
എന്നാൽ സിവിക് സംസ്ഥാനം വിട്ടെന്നാണ് പൊലീസ് പറയുന്നത്. ഒരാഴ്ചയ്ക്കകം നടപടിയുണ്ടായില്ലെങ്കിൽ ഉത്തരമേഖലാ ഐജി ഓഫിസിന് മുന്നിൽ പ്രക്ഷോഭം തുടങ്ങുമെന്നാണ് ദലിത് സംഘടനകളുടെ മുന്നറിയിപ്പ്. സിവിക്കിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാഹിത്യ-സാംസ്കാരിക മേഖലയിലെ നൂറ് പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല