സ്വന്തം ലേഖകൻ: ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നടൻ ദേവ് പട്ടേൽ ഇപ്പോൾ ആസ്ട്രേലിയയിൽ വൈറൽ താരമാണ്. രാജ്യത്തെ ഒരു നഗരത്തിൽ അരങ്ങേറിയ കൈയ്യാങ്കളി സ്വന്തം ജീവൻ പണയം വെച്ച് തടയാൻ ശ്രമിച്ചതാണ് ദേവിനെ വാർത്തകളിൽ നിറച്ചത്. അഡ്ലെയ്ഡിലെ തെരുവിൽ ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വഴക്ക് കണ്ടപ്പോൾ നടൻ ഇടപെടുകയായിരുന്നു.
വാക്കേറ്റം അക്രമാസക്തമാവാൻ തുടങ്ങിയപ്പോൾ നടൻ ഇടപെട്ട് തടയാൻ ശ്രമിക്കവേ, വഴക്കിട്ടവരിൽ പുരുഷന് നെഞ്ചിൽ കുത്തേൽക്കുകയും ചെയ്തു. എന്നാൽ, പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തർക്കം ശ്രദ്ധയിൽ പെട്ടതോടെ നടൻ സ്വാഭാവികമായി പ്രതികരിച്ചതാണെന്ന് ദേവിന്റെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. “കഴിഞ്ഞ രാത്രി അഡ്ലെയ്ഡിൽ, ദേവ് പട്ടേലും സുഹൃത്തുക്കളും ഒരു സ്റ്റോറിന് പുറത്ത് അക്രമാസക്തമായ വാക്കേറ്റത്തിന് സാക്ഷ്യം വഹിച്ചിരുന്നു. സാഹചര്യങ്ങൾ വഷളാകുന്നതിൽ നിന്ന് തടയാനും വാക്കേറ്റം ഇല്ലാതാക്കാനും ദേവും സുഹൃത്തുക്കളും ഇടപെടുകയും ചെയ്തിരുന്നു. അതിൽ അവർ വിജയിക്കുകയും പൊലീസും ആംബുലൻസും സംഭവ സ്ഥലത്ത് എത്തിയെന്ന് ഉറപ്പാക്കുകയും ചെയ്തു. -പുറത്തുവിട്ട പ്രസ്താവനയിൽ വക്താവ് പറഞ്ഞു.
സംഭവത്തിൽ ഇടപെട്ടതിന് ആരാധകരിൽ നിന്ന് പ്രശംസ ലഭിച്ചെങ്കിലും, അതുപോലുള്ള സാഹചര്യങ്ങളിൽ “ഹീറോകളില്ല” എന്ന നിലപാടിലാണ് ദേവ് പട്ടേൽ. ”സങ്കടകരമെന്നു പറയട്ടെ, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ അവർ അർഹിക്കുന്ന അന്തസ്സോടും ബഹുമാനത്തോടും കൂടി പരിഗണിക്കാത്തതിന്റെ വലിയ വ്യവസ്ഥാപരമായ പ്രശ്നത്തെ ഈ സംഭവം എടുത്തുകാണിക്കുന്നു”. -ദേവ് അഭിപ്രായപ്പെട്ടു.
‘ഒരു പ്രമുഖ വ്യക്തി ഉൾപ്പെട്ടതിനാൽ ഈ സംഭവത്തിന് ലഭിച്ചിരിക്കുന്ന മാധ്യമ ശ്രദ്ധ, ഇതിൽ ബാധിക്കപ്പെട്ട വ്യക്തികളെ മാത്രമല്ല, അവരുടെ സമൂഹത്തെ മൊത്തത്തിൽ സഹായിക്കുന്നതിന് ദീർഘകാല പരിഹാരങ്ങൾ നിർണ്ണയിക്കുന്നതിനായി നിയമനിർമ്മാതാക്കൾക്ക് ഉത്തേജകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും’ ദേവ് പട്ടേൽ കൂട്ടിച്ചേർത്തു.
സ്ലംഡോഗ് മില്യനയര്‍ എന്ന സിനിമയിലുടെ ഹോളിവുഡിലെത്തിയ ദേവ് പട്ടേൽ ലയൺ എന്ന ചിത്രത്തിലൂടെ ഓസ്കാർ നാമനിർദേശ പട്ടികയിലും ഇടംപിടിച്ചിരുന്നു. മികച്ച സഹനടനുള്ള നോമിനേഷനായിരുന്നു താരത്തിന് ലഭിച്ചത്. താരത്തിന്റെ ആദ്യ സംവിധാന സംരംഭമായ “മങ്കി മാൻ” നിലവിൽ പോസ്റ്റ് പ്രൊഡക്ഷനിലാണ്. നെറ്റ്ഫ്ലിക്സിലൂടെയാകും ചിത്രമെത്തുക. വെസ് ആൻഡേഴ്സന്റെ “ദി വണ്ടർഫുൾ സ്റ്റോറി ഓഫ് ഹെൻറി ഷുഗർ” എന്ന ചിത്രത്തിലും ദേവ് അഭിനയിക്കാൻ ഒരുങ്ങുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല