ലോകജനസംഖ്യ 700 കോടി തികച്ചുകൊണ്ട് ഫിലിപ്പീന്‍സില്‍ പെണ്‍കുഞ്ഞ് പിറന്നു. തിങ്കളാഴ്ചയുടെ ആദ്യനിമിഷങ്ങളിലായിരുന്നു അവളുടെ ജനനം. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു സ്വതന്ത്യ്രയായ അവള്‍ക്കുചുറ്റും കാമറകള്‍ മിന്നിത്തെളിഞ്ഞു. ഫിലിപ്പീന്‍സ് സ്വദേശിനിയായ കാമിലി ഡലൂറയുടെയും ഫ്ളൊറന്റെ കമാച്ചോയുടേയും മകളാണ് ജനനത്തോടെ ചരിത്രത്തില്‍ ഇടംനേടിയത്. ഡാനിക എന്നാണ് കുഞ്ഞിന്റെ പേര്. രണ്ടര കിലോഗ്രാമാണ് ഡാനികയുടെ തൂക്കം. മനിലയിലെ ജോസ് ഫബേല മെമ്മോറിയല്‍ ആശുപത്രിയിലാണ് ഡാനികയ്ക്കു കാമിലി ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സസുഖം ആശുപത്രിയില്‍ കഴിയുന്നു. ഡാനികയെ ലോകത്തിലെ പ്രതീകാത്മക ‘സെവന്‍ ബില്യന്‍ത് ബേബി’ മാരില്‍ ഒരാളായി യുഎന്നും അംഗീകരിച്ചു. ആശുപത്രിയിലെത്തി ഡാനികയെ സന്ദര്‍ശിച്ച യുഎന്‍ പ്രതിനിധി കുഞ്ഞുകേക്കും സമ്മാനിച്ചാണ് മടങ്ങിയത്.
ഡാനികയെ കാണാന്‍ ആശുപത്രിയില്‍ വന്‍തിരക്കാണ്. ഡാനികയുടെ വരവ് ആശുപത്രി ജീവനക്കാരും വന്‍ ആഘോഷമാക്കി. കാമിലി- കമാച്ചോ ദമ്പതിമാരുടെ രണ്ടാമത്തെ കുഞ്ഞാണ് ഡാനിക. ലോക ജനസംഖ്യ 600 കോടിയിലെത്തിയത് 1999 ഒക്ടോബര്‍ 12 നായിരുന്നു. പന്ത്രണ്ടു വര്‍ഷംകൊണ്ടു 100 കോടി വര്‍ധിച്ചു. പ്രതിവര്‍ഷം 7.5 കോടി (1.1%) എന്ന നിരക്കിലാണ് ഇപ്പോള്‍ ജനസംഖ്യ വര്‍ധിക്കുന്നത്. ഇന്നത്തെ നിലയ്ക്ക് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ജനസംഖ്യ ആയിരം കോടിയിലെത്തുമെന്നു സ്റേറ്റ് ഓഫ് വേള്‍ഡ് പോപ്പുലേഷന്‍ -2011 എന്ന യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
എ.ഡി. ഒന്നാം വര്‍ഷത്തില്‍ 20 കോടിയായിരുന്നു ലോകജനസംഖ്യ. എ.ഡി. ആയിരത്തില്‍ അത് 27.5 കോടിയായി. 1804 ലാണു ലോക ജനസംഖ്യ 100 കോടിയിലെത്തിയത്. 1927ല്‍ അത് 200 കോടിയായും 1960ല്‍ 300 കോടിയായും 1975ല്‍ 400 കോടിയായും 1987ല്‍ 500 കോടിയായും ഉയര്‍ന്നു.
ലോക ജനത 700 കോടിയിലെത്തുമ്പോള്‍ ഈ രംഗത്തെ വിദഗ്ധരെ ആശങ്കപ്പെടുത്തുന്ന പ്രധാന കാര്യം സ്ത്രീ- പുരുഷ അനുപാതത്തിലുണ്ടാകാന്‍ പോകുന്ന വലിയ അന്തരമാണ്. പെണ്‍ഭ്രൂണഹത്യകള്‍ പെരുകുന്നതുമൂലം പല രാജ്യങ്ങളും വധുക്കളെ കിട്ടാനില്ലാത്ത ആണ്‍രാജ്യങ്ങളായി മാറുമെന്ന് ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. ജനസംഖ്യ കൂടുതലുള്ള ചൈനയിലും ഇന്ത്യയിലുമാണ് ഈ അനാരോഗ്യ പ്രവണതയും കൂടുതലെന്നു ഫ്രഞ്ച് ജനസംഖ്യാവിദഗ്ധനായ ക്രിഫ് ഗില്‍മോട്ടോ പറയുന്നു.
അടുത്ത 50 വര്‍ഷംകൊണ്ടു സ്ത്രീകളുടെ എണ്ണത്തിലുണ്ടാകുന്ന വലിയ കുറവ് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നു സാമൂഹ്യശാസ്ത്രജ്ഞരും ഭയക്കുന്നുണ്ട്. 104- 106 പുരുഷന്മാര്‍ക്കു 100 സ്ത്രീകള്‍ എന്ന തോതിലുള്ള ജനനനിരക്കില്‍ വലിയ കുഴപ്പമില്ല. എന്നാല്‍ അന്തരം അതില്‍ക്കൂടിയാല്‍ കുഴപ്പമാകും. ഇന്ത്യയിലും വിയറ്റ്നാമിലും സ്ത്രീ- പുരുഷ ജനനനിരക്കുകളുടെ അനുപാതം ഇപ്പോള്‍ 100:112 ആണ്. ചൈനയില്‍ അത് 100:120 മുതല്‍ 100:130 വരെയുമാണ്. അസര്‍ബൈജാന്‍, ജോര്‍ജിയ, അര്‍മീനിയ, അല്‍ബേനിയ തുടങ്ങിയ രാജ്യങ്ങളിലേക്കും ഈ പ്രവണത വ്യാപിച്ചുവരുകയാണെന്നു പഠനങ്ങള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല