സ്വന്തം ലേഖകൻ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ചെറുതോണിയുടെ ഷട്ടര്‍
നാളെ (ഞായറാഴ്ച) രാവിലെ പത്തുമണിക്ക് തുറക്കും. റൂള്‍ കര്‍വ് അനുസരിച്ച് ഒരു ഷട്ടര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ അന്‍പതിനായിരം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. മുല്ലപ്പെരിയാര്‍ തുറക്കുകയും നീരൊഴുക്ക് കൂടുകയും ചെയ്തതിനെ തുടര്‍ന്നാണ് അണക്കെട്ട് തുറക്കുന്നത്.
വളരെക്കുറച്ച് സമയത്തേക്ക് മാത്രമേ ഷട്ടര്‍ തുറക്കൂവെന്നാണ് വിവരം. ഇടമലയാര്‍ അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ ജലം, പരമാവധി സംഭരണശേഷിയിലേക്ക് എത്തിയിട്ടില്ലെങ്കിലും റൂള്‍ കര്‍വിലേക്ക് എത്താന്‍ അധികം താമസമില്ല. ഈ പശ്ചാത്തലത്തിലാണ് അണക്കെട്ട് തുറക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
നിലവില്‍ വൃഷ്ടിപ്രദേശങ്ങളില്‍ നേരിയതോതിലാണ് മഴ. എന്നാല്‍ വരുംദിവസങ്ങളില്‍ മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് നടപടി. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല