1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2022

സ്വന്തം ലേഖകൻ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. 70 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളമാണ് പുറത്തുവിടുന്നത്. നിലവില്‍ 2383.10 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്.

വെള്ളിയാഴ്ച നാലിന് 2381.28 അടിയായിരുന്നു ജലനിരപ്പ്. ശനിയാഴ്ച നാലിന് രണ്ടടി ഉയര്‍ന്ന് 2383.10 ആയി. 1127.48 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇത് സംഭരണശേഷിയുടെ 77.25 ശതമാനമാണ്. 2403 അടിയാണ് സംഭരണശേഷി.

ഷട്ടര്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്കും പൊതുജനങ്ങള്‍ക്കും ജില്ലാഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതികൂലസാഹചര്യങ്ങളുണ്ടായാല്‍ നേരിടാന്‍ ദുരന്തനിവാരണസേനയും എത്തിയിട്ടുണ്ട്.

ഇടമലയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അണക്കെട്ട് തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കും. ആദ്യം 50 ഘനമീറ്റര്‍ വെള്ളവും തുടര്‍ന്ന് 100 ഘനമീറ്റര്‍ വെള്ളവുമാണ് തുറന്നു വിടുക. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഞായറാഴ്ച രാത്രി 11 മണിയോടെ റെഡ് അലര്‍ട്ട് വേണ്ടിവരുമെന്നാണ് ജില്ലാഭരണകൂടത്തിന്റെ വിലയിരുത്തല്‍.

ഇടമലയാര്‍ ഡാം തുറന്നാല്‍ വെള്ളം ആദ്യമൊഴുകിയെത്തുന്നത് ഭൂതത്താന്‍കെട്ട് ബാരേജിലേക്കാണ്. ബാരേജിന്റെ എല്ലാ ഷട്ടറുകളും നിലവില്‍ തുറന്നിരിക്കുകയാണ്. പെരിയാറിലെത്തുന്ന ജലം ഏഴു മണിക്കൂറിനകം നെടുമ്പാശേരി ഭാഗത്തെത്തുമെന്നാണ് കരുതുന്നത്.

രണ്ട് ഡാമുകളില്‍ നിന്നുള്ള ജലവും പെരിയാറിലെത്തുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. എന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സജ്ജരായിരിക്കണമെന്നും എറണാകുളം ജില്ലാ കളക്ടര്‍ രേണു രാജ് അറിയിച്ചു.

അതേസമയം, എറണാകുളം ജില്ലയിലെ നദികളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. ലോവര്‍ പെരിയാറിനു താഴേക്ക് പെരിയാര്‍ നദിയില്‍ കാര്യമായി ജലനിരപ്പ് ഉയരാന്‍ സാധ്യതയില്ല. ജില്ലയില്‍ മഴ മാറിനില്‍ക്കുന്നതിനാല്‍ പെരിയാറിന്റെ എല്ലാ ഭാഗങ്ങളിലും ജലനിരപ്പ് അപകട നിലയെക്കാള്‍ താഴെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.