സ്വന്തം ലേഖകൻ: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ ഇന്ത്യൻ യുവതി യുഎസിൽ ആത്മഹത്യ ചെയ്തു. പെൺകുട്ടികൾക്ക് ജന്മം നൽകിയെന്നാരോപിച്ച് ഭർത്താവ് ദിവസവും ക്രൂരമായി പീഡിപ്പിക്കുകയാണെന്നും ഇനിയും സഹിക്കാൻ വയ്യെന്നും വീഡിയോയിലൂടെ പറഞ്ഞതിന് പിന്നാലെയാണ് മൻദീപ് കൗര്‍ എന്ന മുപ്പതുകാരി ആത്മഹത്യ ചെയ്‌തത്. 8 വർഷമായി താൻ ഭർത്താവിന്‍റെയും ഭർതൃവീട്ടുകാരെയും പീഡനം അനുഭവിക്കുകയാണെന്നാണ് ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശിയായ മൻദീപ് കൗര്‍ പറയുന്നത്. ഭർത്താവിന്‍റെ വിവാഹേതര ബന്ധങ്ങളെക്കുറിച്ചും ഇവർ സംസാരിക്കുന്നുണ്ട്.
“ഒരു ദിവസം അയാൾ നേരെയാകുമെന്ന് കരുതി ഞാൻ എല്ലാം സഹിച്ചു. ഇപ്പോൾ എട്ട് വർഷമായി. ദിവസേന അടി വാങ്ങാൻ കഴിയില്ല” മൻദീപ് പറയുന്നു. 6ഉം 4ഉം വയസുള്ള രണ്ട് പെൺകുട്ടികളുടെ അമ്മയാണ് മൻദീപ്. ന്യൂയോർക്കിലെ റിച്മണ്ടിലുള്ള വസതിയിൽ ഓഗസ്റ്റ് നാലിനാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
ഭർത്താവ് രഞ്‌ജോദ്ബീര്‍ സിങ് സന്ധുവിനെതിരെയാണ് മൻദീപ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഭർത്താവും വീട്ടുകാരും തന്നെ ജീവനൊടുക്കാൻ നിർബന്ധിതയാക്കിയിരിക്കുകയാണെന്നാണ് തന്‍റെ പിതാവിനോട് ക്ഷമ ചോദിച്ചുള്ള വീഡിയോയിൽ യുവതി പറയുന്നത്. ട്രക്ക് ഡ്രൈവറായ സന്ധുവും ബിജ്‌നോർ സ്വദേശിയാണ്.
മൻദീപിന്‍റെ മരണത്തിന് പിന്നാലെ പിതാവ് ജസ്പാൽ സിങ് യുപിയിൽ സന്ധുവിനെതിരെ പരാതി നൽകിയിട്ടുണ്ട്. തങ്ങളുടെ കൊച്ചമുക്കളെ സുരക്ഷിതരാക്കണം. അവർ ഇപ്പോഴും അവരുടെ അച്ഛനൊപ്പമാണെന്നാണ് പരാതിയിൽ പറയുന്നത്. യുഎസിലുള്ള സന്ധുവിനും ഇന്ത്യയിലുള്ള അയാളുടെ കുടുംബത്തിനുമെതിരായാണ് ജസ്പാൽ പരാതി നൽകിയിരിക്കുന്നത്. ജസ്പാലിന് സഹായം നൽകുമെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ഉറപ്പ് നൽകിയിട്ടുണ്ട്.
ബിജ്നോറിലെ തന്നെ രണ്ട് ഗ്രാമങ്ങളിലാണ് മൻദീപിന്‍റെയും സന്ധുവിന്‍റെയും വീട്. 2015ൽ വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച പ്രകാരമായിരുന്നു ഇവരുടെ വിവാഹം. ഈ സമയത്ത് സന്ധു യുഎസിൽ ട്രക്ക് ഡ്രൈവറായിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് യുവതി അവിടേക്ക് പോകുന്നത്. ഇവിടെ വീട്ടിൽ വെച്ച് സന്ധു മൻദീപിനെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഇത് അവസാനിക്കുമെന്നാണ് തങ്ങൾ കരുതിയതെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്.
‘ഒരിക്കൽ ഞങ്ങൾ മൻദീപിനെ ഭർത്താവ് മർദിക്കുന്ന വിഡിയോയുമായി ന്യൂയോർക്ക് പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ അഭിപ്രായ ഭിന്നതകൾ പറഞ്ഞു തീർത്ത് സന്ധുവിനൊപ്പം പോകാനാണ് അവൾ തീരുമാനിച്ചത്’ മൻദീപിന്‍റെ അച്ഛൻ എൻഡിടിവിയോട് പറഞ്ഞു. മക്കളുടെ ഭാവിയെക്കുറിച്ചായിരുന്നു അവളുടെ ആശങ്ക. നിലവിൽ മകളുടെ മൃതദേഹം ഇന്ത്യയിൽ എത്തിക്കാൻ സഹായിക്കണമെന്ന് കുടുംബം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മൻദീപിനെ ഭർത്താവ് മർദ്ദിക്കുന്ന നിരവധി വീഡിയോകൾ പുറത്ത് വന്നിട്ടുണ്ട്. അമ്മയെ തല്ലരുതെന്ന് ആവശ്യപ്പെട്ട് മക്കൾ കരയുന്നതും ഈ വീഡിയോകളിൽ കാണാം. താൻ നേരിട്ട ദുരിതങ്ങൾ യുവതി വിവരിക്കുന്നതും വീഡിയോയിലുണ്ട്. ‘ഞാൻ അനുഭവിച്ച പീഡനങ്ങൾ കണ്ട് മനസ് മടുത്ത എന്‍റെ അച്ഛൻ അയാൾക്കെതിരെ പോലീസിൽ പരാതി നൽകി. സന്ധു ജയിലിൽ ആകുകയും ചെയ്‌തു. എന്നാൽ കരഞ്ഞ് കാൽപിടിച്ചതോടെ പരാതി പിൻവലിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു’ മൻദീപ് പറയുന്നു. ഭർത്താവിനെതിരെ വിവാഹേതര ബന്ധവും യുവതി ആരോപിക്കുന്നുണ്ട്. സംഭവത്തിൽ സന്ധുവിനെതിരെ നടപടി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ‘ജസ്റ്റിസ് ഫോര്‍ മന്ദീപ്’എന്ന ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല