1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2022

സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയെ ലക്ഷ്യമിട്ടുള്ള നവീകരിച്ച തൊഴിൽ റീ-എംപ്ലോയ്‌മെന്റ് പോർട്ടലിന് തുടക്കമായി. കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് പുനർ നിയമനം സാധ്യമാക്കാനാണ് ഖത്തർ ചേംബർ തൊഴിൽ മന്ത്രാലയത്തിന്റെ സഹകരണത്തോടെ 2020 ൽ ഓൺലൈൻ പോർട്ടൽ തുടങ്ങിയത്.

വിദേശ വിപണികളെ ആശ്രയിക്കുന്നതിന് പകരമായി പ്രാദേശിക തൊഴിൽ വിപണിയിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കമ്പനികളെ പിന്തുണയ്ക്കാനും പോർട്ടൽ ലക്ഷ്യമിടുന്നു. പുനർനിയമനത്തിനുള്ള പോർട്ടലിലൂടെ വൈദഗ്ധ്യമുള്ള, തൊഴിൽ പരിചയമുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കമ്പനികൾക്ക് കഴിയുമെന്നതിനാൽ വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ എടുക്കുന്ന സമയവും ലാഭിക്കാം.

സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് തൊഴിലവസരങ്ങൾ പോർട്ടലിൽ പ്രസിദ്ധീകരിക്കാനും പുതിയ തൊഴിൽ തേടുന്ന തൊഴിലാളികൾക്ക് ബയോഡേറ്റ സമർപ്പിക്കാനുമുള്ള വേദിയാണിത്. പുതിയ ജീവനക്കാരെ തേടുന്ന കമ്പനികൾക്ക് യോഗ്യരായ തൊഴിലാളികളെ കണ്ടെത്തുകയും ചെയ്യാം. നിരവധി കമ്പനികൾക്ക് ഇതിനകം പോർട്ടലിന്റെ പ്രവർത്തനം ഗുണകരമായിട്ടുണ്ടെന്ന് ഖത്തർ ചേംബർ ജനറൽ മാനേജർ സലേഹ് ബിൻ ഹമദ് അൽ ഷർഖി വ്യക്തമാക്കി.

ആവശ്യമായ തൊഴിലാളികളെ കണ്ടെത്താനായി പോർട്ടൽ പ്രയോജനപ്പെടുത്താൻ ബിസിനസ് ഉടമകളെയും പ്രാദേശിക കമ്പനികളെയും ഖത്തർ ചേംബർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കമ്പനികളും തൊഴിലാളികളും തമ്മിലുള്ള കരാർ തൊഴിൽ മന്ത്രാലയം വിലയിരുത്തിയ ശേഷമാണ് അനുമതി നൽകുന്നത്. പുതിയ തൊഴിലാളികളെ തേടുന്ന കമ്പനികൾ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം.

ഖത്തറിന്റെ തൊഴിൽ വിപണിയെ ശക്തിപ്പെടുത്താനും കമ്പനികൾക്കിടയിലെ തൊഴിൽ ട്രാൻസ്ഫർ സുഗമമാക്കാനും വിദഗ്ധരായ തൊഴിലാളികളെ വേഗത്തിൽ ലഭ്യമാക്കാനും പോർട്ടലിന്റെ പ്രവർത്തനം ഗുണകരമാകും. ഖത്തർ ചേംബറിന്റെ വെബ്‌സൈറ്റ് മുഖേനയാണ് പോർട്ടലിലേക്കുള്ള പ്രവേശനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.