സ്വന്തം ലേഖകൻ: അധികാര കേന്ദ്രങ്ങൾ അന്വേഷണ ഏജൻസിയെ തങ്ങളുടെ എതിരാളികൾക്ക് നേർക്ക് ഉപയോഗിക്കുന്നുവെന്ന ആരോപണം ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ഉയർന്ന് കേൾക്കാറുള്ള ഒന്നാണ്. കേന്ദ്ര സർക്കാർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അത്തരത്തിൽ ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുകയും ചെയ്യാറുണ്ട്. സമാനമായ സംഭവങ്ങളാണ് ഇപ്പോൾ യുഎസിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്.
യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ തന്റെ വസതിയിൽ അതിക്രമിച്ച് കടന്ന് പരിശോധന നടത്തിയതായി ആരോപിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച ഫ്ലോറിഡയിലെ മാർ എ ലാഗോ എസ്റ്റേറ്റിലാണ് ഇത്തരത്തിൽ റെയ്ഡ് നടന്നിരിക്കുന്നത്.
ഫ്ലോറിഡയിലെ പാം ബീച്ചിൽ നിന്നും ട്രംപ് ഔദ്യോഗിക പ്രസിഡൻഷ്യൽ രേഖകൾ നീക്കം ചെയ്തതിനെക്കുറിച്ചുള്ള യുഎസ് നീതിന്യായ വകുപ്പിന്റെ അന്വേഷണത്തിനിടയിലാണ് എഫ്ബിഐ ഏജന്റുമാർ അതിക്രമിച്ച് കയറി പരിശോധന നടത്തിയിരിക്കുന്നത് എന്ന് മുൻ പ്രസിഡന്റ് പറഞ്ഞു.
ഒരു മുൻ പ്രസിഡന്റിന്റെ വസതിയിൽ ഇത്തരത്തിൽ അഭൂതപൂർവമായ റെയ്ഡ് നടക്കുന്നത് അപൂർവമായാണ്. അതേസമയം, ട്രംപ് നേരിടുന്ന നിരവധി അന്വേഷണങ്ങളിൽ ഒന്ന് മാത്രമാണ് ഇത്. എന്നാൽ, റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വിസമ്മതിച്ചു.
എഫ്ബിഐ ഏജന്റുമാരുടെ ഒരു വലിയ സംഘമെത്തിയാണ് പരിശോധന നടത്തിയത് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. റെയ്ഡിനും അധിനിവേശത്തിനും ശേഷം എസ്റ്റേറ്റ് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. അതേസമയം, എന്തിനാണ് റെയ്ഡ് നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
പ്രത്യേക സർക്കാർ ഏജൻസികളുമായി സഹകരിക്കുന്ന സമയത്തും തന്റെ വസതിയിൽ ഈ അപ്രഖ്യാപിത റെയ്ഡ് ഉചിതമല്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം, തിങ്കളാഴ്ച നടന്ന റാലിയിൽ തന്റെ വസതിയിൽ നടന്ന റെയ്ഡിനേക്കുറിച്ച് ട്രംപ് ഒന്നും സംസാരിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
പ്രസിഡന്റായിരിക്കുമ്പോൾ ട്രംപ് വൈറ്റ് ഹൗസിൽ നിന്ന് ഫ്‌ളോറിഡ ക്ലബിലേക്ക് കൊണ്ടുവന്ന രേഖകളുടെ പെട്ടികൾ കണ്ടെത്തുവാൻ വേണ്ടിയാണ് തിരച്ചിൽ നടത്തിയിരിക്കുന്നത് എന്ന് അന്വേഷണത്തിൽ പങ്കെടുത്ത പേര് വെളിപ്പെടുത്താത്ത രണ്ട് പേരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. റെയ്ഡ് നടന്ന സമയത്ത് ട്രംപ് എസ്റ്റേറ്റിൽ ഉണ്ടായിരുന്നില്ലെന്നും പ്രദേശത്ത് പരിശോധനകൾ നടത്തുന്നതിന് എഫ്ബിഐയുടെ കൈവശം വാറണ്ട് ഉണ്ടായിരുന്നുവെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
അധികാരം നഷ്ടപ്പെട്ട് 2021 ജനുവരിയിൽ വൈറ്റ് ഹൗസ് വിട്ടതിന് ശേഷം പാം ബീച്ചിലെ തന്റെ ക്ലബ് തന്റെ വീടാക്കി ട്രംപ് മാറ്റുകയായിരുന്നു. മാർ-എ-ലാഗോ സാധാരണയായി മെയ് മാസത്തിൽ വേനൽക്കാലത്ത് അടയ്ക്കുന്നതിനാൽ സാധാരണയായി വേനൽക്കാലം ന്യൂജേഴ്‌സിയിലെ ബെഡ്‌മിൻസ്റ്ററിലുള്ള തന്റെ ഗോൾഫ് ക്ലബ്ബിലാണ് അദ്ദേഹം ചിലവഴിക്കാറുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല