സ്വന്തം ലേഖകൻ: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതി നല്കി ആദരിച്ച് ഫ്രഞ്ച് സര്‍ക്കാര്‍. ‘ഷെവലിയാര്‍ ഡി ലാ ലീജിയണ്‍ ദ ഹോണേര്‍ ‘ നല്‍കിയാണ് ശശി തരൂരിനെ ആദരിച്ചിരിക്കുന്നത്. 1802-ല്‍ നപ്പോളിയന് ബോണാപാര്‍ട്ട് ആണ് ഈ ബഹുമതി സ്ഥാപിച്ചത്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനയിനാണ് ശശി തരൂരിനെ ഇക്കാര്യം അറിയിച്ചത്.
ഫ്രാന്‍സില്‍ നിന്നുള്ള ഏതെങ്കിലുമൊരു മന്ത്രി ഇന്ത്യ സന്ദര്‍ശിക്കുമ്പോഴാണ് പുരസ്കാരം സമ്മാനിക്കുക.ഫ്രാന്‍സുമായുള്ള ബന്ധത്തെ വളരെയധികം ബഹുമാനത്തോടെ കാണുകയും ഫ്രഞ്ച് ഭാഷയയേയും സംസ്കാരത്തേയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തി എന്ന നിലയില്‍ ബഹുമതിയില്‍ സന്തോഷം രേഖപ്പെടത്തുന്നതായി തരൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.പ്രഭാഷകന്‍, എഴുത്തുകാരന് എന്നീ നിലകളിലുള്ള ശശി തരൂരിന്റെ സംഭവാനകള്‍ കണക്കിലെടുത്താണ് ഈ അംഗീകാരം.
നന്ദി… ഫ്രാന്‍സുമായുള്ള നമ്മുടെ ബന്ധത്തെ വിലമതിക്കുകയും ഭാഷയെ സ്നേഹിക്കുകയും സംസ്കാരത്തെ ആരാധിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയില്‍, ഈ രീതിയില്‍ അംഗീകരിക്കപ്പെട്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇങ്ങനെയൊരു പുരസ്കാരത്തിനായി എന്നെ തിരഞ്ഞെടുത്തതിന് ഒരുപാട് നന്ദി, എന്നാണ് പുരസ്ക്കാര നേട്ടത്തിന് പിന്നാലെ തരൂര്‍ കുറിച്ചത്.
1802-ല്‍ നെപ്പോളിയന് ബോണപ്പാര്‍ട്ടെ ആണ് സമൂഹത്തിന് മികച്ച സേവനം നല്‍കുന്നവരെ ആദരിക്കുന്നതിനായി ഷെവലിയാര്‍ ഡി ലാ ലീജിയണ്‍ ദ ഹോണേര്‍ പുരസ്കാരം ഏര്‍പ്പെടുത്തിയത്. ഇതിന് മുമ്പ് മറ്റൊരു രാജ്യത്തിന്റെ ഉന്നത സിവിലിയന്‍ പുരസ്കാരം തരൂരിന് ലഭിച്ചിരുന്നു. 2010ല്‍ സ്പാനിഷ് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി സ്പെയിന് രാജാവ് തരൂരിന് സമ്മാനിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഫ്രഞ്ച് എംബസി സംഘടിപ്പിച്ച പരിപാടിയില്‍ ഫ്രഞ്ച് ഭാഷയില്‍ സംസാരിക്കുകയും ഇത് വെറലാവുകയും ചെയ്തിരുന്നു. ഇംഗ്ലീഷ് ഭാഷയില്‍ അദ്ദേഹത്തിന് ഉള്ള പ്രാവണ്യം നേരത്തെ തന്നെ വളരെ പ്രസിദ്ധമാണ്. തരൂര്‍ ഉപയോഗിക്കുന്ന ചില വാക്കുകളുടെ അര്‍ത്ഥം കണ്ടെത്തുകയെന്ന് പറയുന്നത് എളുപ്പമല്ല എന്ന് പലരും പറഞ്ഞിട്ടുണ്ട്. യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധിയെന്ന നിലയില്‍ നീണ്ട കാലത്തെ പ്രവര്‍ത്തന പരിചയം അദ്ദേഹത്തിന് ഗുണം ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തില്‍ സജീവമാകും മുന്‍പ് അന്താരാഷ്ട്രതലത്തില്‍ പേരെടുത്ത ഇന്ത്യന്‍ നയതന്ത്രവിദഗ്ധദ്ധനായിരുന്നു ശശി തരൂര്‍.
ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി ആണ് ശശി തരൂർ പ്രവർത്തിച്ചിരുന്നത്. കോഫി അന്നനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഇന്ത്യൻ സർക്കാരിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി. എഴുത്തുകാരനും മികച്ച പ്രസംഗകനും കൂടിയാണ് തരൂർ. ഇന്ത്യയിലെ കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എന്നീ പദവികൾ തരൂർ വഹിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല