സ്വന്തം ലേഖകൻ: ഇന്ത്യയുടെ 14-ാം ഉപരാഷ്‌ട്രപതിയായി ജഗ്ദീപ് ധൻകർ സ്ഥാനമേറ്റു. രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ധൻകറിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പടെയുള്ള കേന്ദ്രമന്ത്രിമാരും സ്ഥാനമൊഴിയുന്ന ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിന് സാക്ഷികളായി.
പശ്ചിമ ബംഗാൾ മുൻ ഗവർണറും ബിജെപി നേതാവുമാണ് രാജസ്ഥാൻ സ്വദേശിയായ ധൻകർ. എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച ധൻകർ 528 വോട്ട് നേടിയാണ് ഉപരാഷ്ട്രപതി പദവിയിലെത്തിയത്.
രാജസ്ഥാനിലെ ജാട്ട് സമുദായത്തിൽ ജനിച്ച ജഗ്ദീപ് ധൻകർ അഭിഭാഷകനായാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുൻ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലുമായി അടുത്ത ബന്ധമുണ്ടായിരുന്ന ധൻകർ, പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായപ്പോൾ കോണ്‍ഗ്രസിൽ ചേർന്നു. എന്നാൽ, രാജസ്ഥാൻ കോണ്‍ഗ്രസിൽ അശോക് ഗെഹ്ലോട്ട് നേതൃസ്ഥാനത്ത് എത്തിയതോടെ ബിജെപിയിലേക്ക് മാറി. 2019 ജൂലൈയിൽ ബംഗാൾ ഗവർണറായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല