സ്വന്തം ലേഖകൻ: നവംബര്‍ 1 മുതല്‍ സന്ദര്‍ശകര്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കണമെങ്കില്‍ ഹയാ കാര്‍ഡ് നിര്‍ബന്ധം. ലോകകപ്പിനിടെ ഖത്തര്‍ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും രാജ്യത്തിന് പുറത്തു പോയി വരാന്‍ ഹയാ കാര്‍ഡ് വ്യവസ്ഥ ബാധകമല്ലെന്നും അധികൃതര്‍.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍, പ്രവാസി താമസക്കാര്‍ ഉള്‍പ്പെടെ എല്ലാ രാജ്യത്ത് നിന്നുള്ള സന്ദര്‍ശകര്‍ക്കും പ്രവേശനത്തിന് ഹയാ കാര്‍ഡ് നിര്‍ബന്ധം തന്നെയാണെന്ന് ഹയാ പ്ലാറ്റ്‌ഫോം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അല്‍ ഖുവാരിയാണ് വെളിപ്പെടുത്തിയത്. നവംബര്‍ 1 മുതല്‍ 2023 ജനുവരി 23 വരെയാണ് ഹയാ കാര്‍ഡ് എന്‍ട്രി പെര്‍മിറ്റായി കണക്കാക്കുന്നത്.
നിലവില്‍ മത്സര ടിക്കറ്റെടുത്തവര്‍ക്കുള്ള ഡിജിറ്റല്‍ ഹയാ കാര്‍ഡ് വിതരണമാണ് പുരോഗമിക്കുന്നത്. ലോകകപ്പ് സമയത്ത് സന്ദര്‍ശകര്‍ക്ക് ഹയാ കാര്‍ഡ് നിര്‍ബന്ധമാണെന്നിരിക്കെ മത്സരം കാണാന്‍ അല്ലാതെ ബിസിനസ്, വ്യക്തിഗത ആവശ്യങ്ങള്‍ക്കായി ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള ഹയാ കാര്‍ഡ് നടപടി ക്രമങ്ങള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ അധികം താമസിയാതെ അധികൃതര്‍ പ്രഖ്യാപിച്ചേക്കും.
ലോകകപ്പ് കാണാന്‍ മത്സര ടിക്കറ്റെടുത്ത ഖത്തറിലുള്ളവര്‍ക്കും വിദേശീയര്‍ക്കുമെല്ലാം സ്റ്റേഡിയം പ്രവേശനത്തിന് ഹയാ കാര്‍ഡ് നിര്‍ബന്ധമാണ്. വിദേശീയരെ സംബന്ധിച്ച് ഖത്തറിലേക്കുളള പ്രവേശന വീസ കൂടിയാണിത്. ഹയാ കാര്‍ഡ് ഉടമകള്‍ക്ക് മത്സര ദിവസങ്ങളില്‍ പൊതുഗതാഗത സൗകര്യങ്ങളില്‍ സൗജന്യ യാത്രയും ലഭിക്കും. ഹയാ കാര്‍ഡിനായുള്ള ലിങ്ക്: https://hayya.qatar2022.qa/.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല