സ്വന്തം ലേഖകൻ: 76 ാം സ്വതന്ത്ര്യദിനത്തില്‍ വികസിത ഇന്ത്യക്കായി അഞ്ച് പ്രതിജ്ഞകള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി അടുത്ത 25 വര്‍ഷം നിര്‍ണായകമാണെന്ന് പറഞ്ഞുകൊണ്ട് അഞ്ച് പ്രതിജ്ഞകള്‍ മുന്നോട്ടുവെച്ചത്.
1 വികസിത ഭാരതം, 2. അടിമത്ത മനോഭാവം അവസാനിപ്പിക്കല്‍ 3.പൈതൃകത്തില്‍ അഭിമാനിക്കുക 4.ഏകത 5. പൗരധര്‍മ്മം പാലിക്കല്‍ എന്നിവയാണ് പ്രതിജ്ഞകളായി അദ്ദേഹം വെച്ചത്. വെല്ലുവിളികള്‍ക്കിടയിലും രാജ്യം മുന്നേറി. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന് തെളിയിച്ചു.
രാവിലെ രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ഈ സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ ഇന്ത്യക്കാരെയും ഇന്ത്യയെ സ്‌നേഹിക്കുന്നവരെയും അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദൃഢനിശ്ചയത്തോടെ പുതിയ ദിശയിലേക്ക് ചുവടുവെക്കേണ്ട ദിവസമാണിതെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയായ ശേഷം ഒന്‍പതാം തവണയാണ് മോദി ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നത്. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു
2020ല്‍ കോവിഡ് വ്യാപിച്ചപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയശേഷമുള്ള സ്വാതന്ത്ര്യദിനാഘോഷമാണ് ഇക്കുറി. ചടങ്ങില്‍ വിവിധ മേഖലകളില്‍നിന്ന് 7000 പേര്‍ ക്ഷണിതാക്കളായുണ്ടാകും. സ്വാതന്ത്ര്യദിനം പ്രമാണിച്ച് മൂന്നുദിവസമായി കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനനഗരം. ചെങ്കോട്ട പുറത്തുനിന്ന് കാണാന്‍ കഴിയാത്തവിധം ഒരാഴ്ചമുമ്പുതന്നെ ലോഹപ്പലക നിരത്തി മറച്ചു.
ഞായറാഴ്ച രാത്രി 12 മുതല്‍ ഉച്ചയ്ക്ക് 12 വരെ ചെങ്കോട്ടയിലേക്കുള്ള റോഡുകളില്‍ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ചെങ്കോട്ടയ്ക്കുചുറ്റുമുള്ള ഉയര്‍ന്ന കെട്ടിടങ്ങളില്‍ എന്‍.എസ്.ജി. കമാന്‍ഡോകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. നിരീക്ഷണക്യാമറകളും ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സുരക്ഷാവിഭാഗങ്ങളെയും വിന്യസിച്ചു. ചെങ്കോട്ടയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.പരിസരങ്ങളിലെ 1000 സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങള്‍ ഓരോ നിമിഷവും നിരീക്ഷിക്കുന്നു. 5000 പ്രത്യേക സുരക്ഷാഭടന്മാരെയും പോലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല