സ്വന്തം ലേഖകൻ: മധ്യപ്രദേശിൽ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമംഗലം സ്വദേശി നിർമ്മൽ ശിവരാജിന്റെ (30) മൃതദേഹമാണ് കണ്ടെത്തിയത്. മധ്യപ്രദേശിലെ പാട്നി മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജബൽപുരിൽ സൈനിക ക്യാപ്റ്റനായ ഭാര്യയുടെ അടുത്ത് നിന്ന് പച്മഢിയിലേക്ക് പോയ ക്യാപ്റ്റൻ നിർമ്മലാണ് അപകടത്തിൽപെട്ടത്.
തിങ്കളാഴ്ചയാണ് അദ്ദേഹം ജബൽപുരിൽ നിന്ന് പച്മഢിയിലേക്കു പോയത്. പോകുന്ന വഴി രാത്രി എട്ടരമണിയോടെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. പ്രദേശത്ത് കനത്ത മഴയാണെന്നും റോഡിൽ തടസങ്ങളാണെന്നും വീട്ടുകാരെ അറിയിച്ചിരുന്നു. അതിനുശേഷം നിർമ്മൽ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. എല്ലാ ദിവസവും രാവിലെ അമ്മയുമായി സംസാരിക്കുമായിരുന്നു.
എന്നാൽ ചൊവ്വാഴ്ച രാവിലെ വിളിക്കാതായതോടെയാണ് ആശങ്ക കനത്തത്. ഇതേത്തുടർന്ന് വിവിധതലങ്ങളിൽ അന്വേഷണം നടത്തുകയായിരുന്നു. രാവിലെ 11 മണിയോടുകൂടി അദ്ദേഹത്തിന്റെ കാർ അപകടത്തിൽപെട്ട നിലയിൽ കണ്ടെത്തിയത്. കാറിന്റെ ചില്ല് തകർന്ന നിലയിലായിരുന്നു. കാർ മിന്നൽപ്രളയത്തിൽ പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല