സ്വന്തം ലേഖകൻ: രാജ്യത്ത് ഫാർമസി ലൈസൻസുകൾ കുവൈത്തികൾക്ക് മാത്രമായി നിശ്ചിതപ്പെടുത്തി ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് ഉത്തരവ് പുറപ്പെടുവിച്ചു. ഫാർമസികളിൽ വിദേശികൾക്ക് തൊഴിൽ ചെയ്യാനുള്ള ലൈസൻസ് അനുവദിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും ആരോഗ്യമന്ത്രി ഉത്തരവിട്ടു. സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഫാർമസികളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. ഫാർമസി മേഖലയിൽ മാറ്റത്തിനുള്ള സുപ്രധാനമായ രണ്ട് ഉത്തരവുകളായി ഇതിനെ കാണുന്നു.
സ്വകാര്യ ഫാർമസികൾ ആരംഭിക്കാനുള്ള ലൈസൻസ് കുവൈത്ത് പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതാണ് ആദ്യ ഉത്തരവ്. ഫാർമസി നടത്തിപ്പുമായി ബന്ധപ്പെട്ട 1997ലെ മിനിസ്റ്റീരിയൽ ഡിക്രീ ഭേദഗതി ചെയ്താണ് പുതിയ ഉത്തരവ് ഇറക്കിയത്. ഫാർമസിസ്റ്റ് യോഗ്യതയും ഫാർമസി സെന്റർ തുടങ്ങാനുള്ള ലൈസൻസുമുള്ള കുവൈത്തികൾക്ക് മാത്രമായിരിക്കും സ്വകാര്യ മേഖലയിൽ ഫാർമസി നടത്തിപ്പിന് ഇനി അനുമതി.
ഉത്തരവനുസരിച്ചുള്ള മാനദണ്ഡം പാലിക്കുന്നതിനായി വ്യവസ്ഥകൾ ക്രമീകരിക്കുന്നതിന് രാജ്യത്തെ ഫാർമസികൾക്ക് മൂന്നുമാസത്തെ സമയം നൽകി. നിശ്ചിത സമയത്തിനുള്ളിൽ വ്യവസ്ഥകൾ ശരിയാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്നും ഉത്തരവിൽ പറയുന്നു. സ്വകാര്യ മേഖലയിൽ പുതിയ ഫാർമസികൾക്ക് ലൈസൻസ് നൽകുന്നതും കുവൈത്തികളല്ലാത്തവർക്ക് ഫാർമസി ജോലി അനുവദിക്കുന്നതും മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങൾ പൂർത്തിയാകുന്നതുവരെ നിർത്തിവെക്കുന്നതാണ് രണ്ടാമത്തെ നിർണായക തീരുമാനം.
സ്വകാര്യ ഫാർമസികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആരോഗ്യമന്ത്രാലയം പ്രത്യേക കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. നിയമ ലംഘനം നടത്തിയ 12 ഫാർമസികളുടെയും ഒരു ഫുഡ്സപ്ലിമെന്റ് കമ്പനിയുടെയും ലൈസൻസ് റദ്ദാക്കി പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല