1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2022

സ്വന്തം ലേഖകൻ: രാജ്യത്തെ ടോള്‍ പ്ലാസകള്‍ ഇല്ലാതാക്കാനുള്ള പദ്ധതിയിലേക്കുള്ള ചുവടുവയ്പ്പിന്റെ ഭാഗമായി പഴയ വാഹനങ്ങളിലും പുതിയ ഹൈ സെക്യൂരിറ്റി റജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകള്‍ (എച്ച്എസ്ആര്‍പി) സ്ഥാപിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അത്യാധുനിക സംവിധാനങ്ങള്‍ ഇതുമായി സംയോജിപ്പിക്കും. പുതിയ വാഹനങ്ങള്‍ക്ക് 2019 മുതല്‍ തന്നെ എച്ച്എസ്ആര്‍പി നമ്പര്‍ പ്ലേറ്റുകള്‍ നല്‍കുന്നുണ്ട്. ദേശീയ പാതകളില്‍ ടോള്‍ പ്ലാസകളില്‍ ടോള്‍ നല്‍കുന്നതിന് പകരം വാഹനങ്ങള്‍ ഓടുന്ന ദൂരത്തിന് മാത്രം ടോള്‍ ഈടാക്കുന്ന പദ്ധതിയാണ് കേന്ദ്രം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.

‘‘ടോള്‍ പ്ലാസകളിൽ വാഹനങ്ങള്‍ വരി നില്‍ക്കുന്ന സാഹചര്യം ഒഴിവാകുന്നതോടെ ഇന്ധനച്ചെലവും മലിനീകരണവും കുറയുകയും ജനങ്ങള്‍ക്ക് സമയലാഭം ഉണ്ടാവുകയും ചെയ്യും. പുതിയ സംവിധാനം അനുസരിച്ച് വാഹന ഉടമകളുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് നേരിട്ടാണ് പണം ഈടാക്കുക. രാജ്യത്തെ 97% വാഹനങ്ങളിലും ഇതിനകം തന്നെ ഫാസ്ടാഗ് ഘടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്തെ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ അമേരിക്കക്ക് തുല്യമാക്കും’’ –നിതിന്‍ ഗഡ്കരി പറഞ്ഞു.

വാഹനങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ വിവരശേഖരണം നടത്തുകയാണ് ഹൈ സെക്യൂരിറ്റി റജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റുകള്‍ വഴി ചെയ്യുന്നത്. 2002 മുതല്‍ രാജ്യത്തെ എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റുകള്‍ കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. കേന്ദ്ര മോട്ടർ വാഹന നിയമം 2019 ല്‍ ഭേദഗതി ചെയ്താണ് പുതിയ വാഹനങ്ങളില്‍ എച്ച്എസ്ആര്‍പി നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയത്. പല സംസ്ഥാനങ്ങളിലും ഇതു നിലവില്‍ വന്നു കഴിഞ്ഞു. അപകടമോ കളവോ തീപിടിത്തമോ ഉണ്ടായാല്‍ വാഹനം എളുപ്പം തിരിച്ചറിയാനും ഈ നമ്പര്‍ പ്ലേറ്റ് വഴി സാധിക്കും.

നിര്‍ദ്ദേശിക്കപ്പെട്ട അളവിലും ഫോണ്ടിലും നിറത്തിലുമായിരിക്കും എച്ച്എസ്ആര്‍പി നമ്പര്‍ പ്ലേറ്റ്. റസ്റ്റ് പ്രൂഫ് അലുമിനിയം ബേസ് പ്ലേറ്റുകളുപയോഗിച്ച് നിര്‍മിക്കുന്ന നമ്പര്‍ പ്ലേറ്റുകളുടെ കോണുകള്‍ അർധ വൃത്താകൃതിയിലായിരിക്കും. വശങ്ങളില്‍ പ്രതിഫലിപ്പിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ‘India’ എന്ന് പ്രിന്റ് ചെയ്തിരിക്കും. വ്യക്തവും വര്‍ഷങ്ങളോളം നിലനില്‍ക്കുന്നതുമായ രീതിയിലായിരിക്കും നമ്പര്‍ പഞ്ച് ചെയ്യുക.

നാഷനല്‍ ഐഡി, ഹോളോഗ്രാം എന്നിവയും ഇന്ത്യന്‍ മുദ്രയോട് കൂടിയതാണ്. ട്രാക്കിങ്ങിനും ട്രേസിങ്ങിനും സഹായിക്കുന്ന ലേസര്‍ ഐഡിയും മുന്നിലും പിന്നിലുമുള്ള പ്ലേറ്റുകളില്‍ വ്യത്യസ്തമായി മുദ്രണം ചെയ്തിരിക്കുന്നു. ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ സ്‌നാപ് ലോക്ക് രീതിയില്‍ ഘടിപ്പിക്കുന്നതിനാല്‍ പെട്ടെന്ന് അഴിച്ചുമാറ്റാനോ ഘടിപ്പിക്കാനോ സാധിക്കില്ല. ഇത് വാഹനത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കും.

ടൂ വീലര്‍ ഒഴികെ വിന്‍ഡ് ഷീല്‍ഡുള്ള എല്ലാ വണ്ടികളിലും തേര്‍ഡ് ലൈസന്‍സ് പ്ലേറ്റ് വേണമെന്നതും എച്ച്എസ്ആര്‍പിയുടെ ഭാഗമാണ്. മുന്നിലും പിന്നിലും പഞ്ച് ചെയ്ത നമ്പര്‍ പ്ലേറ്റുകള്‍ സ്ഥാപിക്കുന്നതുപോലെ തന്നെ ഗ്ലാസിലും ഇത്തരത്തില്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുള്ള നമ്പര്‍ പ്ലേറ്റ് ഒട്ടിച്ചിരിക്കണമെന്നതാണ് ചട്ടം. AIS 159 നിലവാരത്തിലുള്ളവയാണ് ഹൈ സെക്യൂരിറ്റി റജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റ്.

വാഹനങ്ങളുടെ സുരക്ഷ തന്നെയാണ് പ്രധാനമായും എച്ച്എസ്ആര്‍പി നമ്പര്‍ പ്ലേറ്റുകള്‍കൊണ്ട് ലക്ഷ്യമിടുന്നത്. നേരത്തേ പറഞ്ഞതുപോലെ വാഹനം ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഇതുവഴി സാധിക്കും. സ്‌നാപ് ലോക് സംവിധാനത്തില്‍ ഘടിപ്പിക്കുന്നതിനാല്‍ എളുപ്പം ഊരിമാറ്റാനോ പിടിപ്പിക്കാനോ സാധിക്കില്ല.

ഇത്തരം നമ്പര്‍ പ്ലേറ്റുകളോടുകൂടിയ വാഹനങ്ങള്‍ എളുപ്പത്തില്‍ ട്രാക്ക് ചെയ്യാനും ട്രേസ് ചെയ്യാനും സാധിക്കും. രാത്രി കാലങ്ങളില്‍ പോലും 200 മുതല്‍ 300 വരെ മീറ്റര്‍ ദൂരത്ത് നമ്പര്‍ പ്ലേറ്റ് കൃത്യമായി കാണാന്‍ സാധിക്കും. അംഗീകൃത നമ്പര്‍ പ്ലേറ്റ് എംബോസിങ് സ്റ്റേഷനിലേക്ക് എത്തുന്ന വാഹനത്തിന്റെ ആര്‍സി ബുക്ക് അടക്കം പരിശോധിച്ച ശേഷം എല്ലാ പഴുതുകളുമടച്ചായിരിക്കും എച്ച്എസ്ആര്‍പി പ്ലേറ്റുകള്‍ നല്‍കുന്നത്. അതുകൊണ്ടുതന്നെ ആ നമ്പര്‍ പ്ലേറ്റ് മറ്റൊരു വാഹനത്തില്‍ ഘടിപ്പിക്കാന്‍ സാധിക്കില്ല. നമ്പര്‍ പ്ലേറ്റ് മാറ്റണമെങ്കില്‍ ഉടമസ്ഥന്റെ സമ്മതപത്രം അടക്കം നിര്‍ബന്ധമാണ്.

2019ലെ ചട്ടഭേദഗതി പ്രകാരം എച്ച്എസ്ആര്‍പി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്ന ഉത്തരവാദിത്തം സര്‍ക്കാര്‍ വാഹന നിര്‍മാണ കമ്പനികളെത്തന്നെ ഏല്‍പിച്ചു. വണ്ടിയുടെ എക്‌സ്ഷോറൂം വിലയില്‍ ഇതുകൂടി ഉള്‍പ്പെടുത്തിയാണ് വാഹനം ഉപഭോക്താക്കളിലേക്ക് ഇപ്പോള്‍ എത്തുന്നത്. റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി വാഹനം ഉപഭോക്താക്കളിലേക്ക് എത്തേണ്ടത് എച്ച്എസ്ആര്‍പി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചായിരിക്കണം. രാജ്യത്ത് 30 കോടിയിലധികവും സംസ്ഥാനത്ത് ഒന്നര കോടിയിലേറെയും വാഹനങ്ങള്‍ 2019ന് മുമ്പ് നിരത്തിലിറങ്ങിയവയാണ്. ഈ വാഹനങ്ങളിലും നിർബന്ധമായും എച്ച്എസ്ആര്‍പി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കേണ്ടി വരുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി അറിയിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.