1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2022

സ്വന്തം ലേഖകൻ: ഒരു ചാറ്റിങ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമായ ഒട്ടനവധി സൗകര്യങ്ങളാണ് വാട്‌സാപ്പ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നതും അത്തരം സൗകര്യങ്ങള്‍ തന്നെയാണ്. അബദ്ധത്തില്‍ സന്ദേശങ്ങള്‍ അയച്ച് കുഴപ്പത്തിലാകാതിരിക്കാനുള്ള ‘ഡിലീറ്റ് ഫോര്‍ എവരിവണ്‍ ‘ഫീച്ചര്‍ അതിനൊരുദാഹരണമാണ്.

ഇപ്പോഴിതാ അത്തരത്തില്‍ മറ്റൊരു സൗകര്യം കൂടി അവതരിപ്പിക്കാനുള്ള നീക്കത്തിലാണത്രെ വാട്‌സാപ്പ്. അബദ്ധത്തില്‍ നീക്കം ചെയ്ത് പോയ സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ സാധിക്കുന്ന സംവിധാനമാണ് വാട്‌സപ്പ് നിര്‍മിച്ചുകൊണ്ടിരിക്കുന്നത്.

വാട്‌സാപ്പിന്റെ അണിയറ നീക്കങ്ങള്‍ വളരെ നേരത്തെ തന്നെ പുറത്തുവിടാറുള്ള വാബീറ്റാ ഇന്‍ഫോ എന്ന വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ ഫീച്ചര്‍ ബീറ്റാ പതിപ്പില്‍ പരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ സംവിധാനം വഴി ഉപഭോക്താവിന് താന്‍ നീക്കം ചെയ്ത സന്ദേശം തിരിച്ചെടുക്കാന്‍ സാധിക്കും. ഇതിനായി ഒരു അണ്‍ഡു (UNDO) ബട്ടന്‍ ഉണ്ടാവും. Delete For Me ബട്ടന്‍ വഴി നീക്കം ചെയ്ത സന്ദേശങ്ങള്‍ തിരിച്ചെടുക്കാന്‍ ഈ സൗകര്യം പ്രയോജനകരമാവും.

എന്നാല്‍ ഉപഭോക്താവിന്റെ ചാറ്റ് വിന്‍ഡോയിലെ സന്ദേശമാണ് ഈ രീതിയില്‍ തിരിച്ചെടുക്കാനാവുക. അതായത് Delete For Everyone എന്ന ബട്ടന്‍ ഉപയോഗിച്ച് നീക്കം ചെയ്യുമ്പോള്‍ മറുപുറത്തുള്ളവരുടെ ചാറ്റ് വിന്‍ഡോയില്‍ നിന്നും സന്ദേശങ്ങള്‍ അപ്രത്യക്ഷമായിട്ടുണ്ടാവും. അണ്‍ഡു ബട്ടന്‍ ഉപയോഗിച്ച് ഈ സന്ദേശം തിരിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അയച്ചയാളിന്റെ ചാറ്റ് വിന്‍ഡോയില്‍ മാത്രമേ ആ സന്ദേശം തിരികെയെത്തുകയുള്ളൂ.

ഇങ്ങനെ തിരിച്ചെടുക്കുന്ന സന്ദേശങ്ങള്‍ പിന്നീട് ഡിലീറ്റ് ഫോര്‍ എവരിവണ്‍ ബട്ടന്‍ ഉപയോഗിച്ച് എല്ലാവരില്‍ നിന്നും നീക്കം ചെയ്യാനും സാധിച്ചേക്കും. ഗൂഗിള്‍ ബീറ്റാ പ്രോഗ്രാം വഴി തിരഞ്ഞെടുത്ത ബീറ്റാ ഉപഭോക്താക്കള്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാനാവും. വരുന്ന ആഴ്ചകളില്‍ തന്നെ ഈ അപ്‌ഡേറ്റ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.