1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2022

സ്വന്തം ലേഖകൻ: അന്താരാഷ്ട്ര ഭീകരവാദസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ അംഗമായി ഒരു മലയാളി ലിബിയയിൽ ചാവേർബോംബായി പൊട്ടിത്തെറിച്ചിരുന്നെന്ന് വെളിപ്പെടുത്തൽ. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ മുഖപ്രസിദ്ധീകരണമായ ‘വോയ്‌സ് ഓഫ് ഖുറസാനി’ന്റെ ഏറ്റവും പുതിയ പതിപ്പിലാണ് മലയാളി ചാവേറിന്റെ യഥാർഥപേരും ചാവേർസ്ഫോടനം നടന്ന തീയതിയും വെളിപ്പെടുത്താതെ ലേഖനം പ്രസിദ്ധീകരിച്ചത്.

‘രക്തസാക്ഷികളുടെ ഓർമകൾ’ എന്ന ഭാഗത്താണ് എൻജിനിയറിങ് ബിരുദധാരിയായ മലയാളിയെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതോടെ ഒരിക്കൽ പാതിവഴിയിൽ നിർത്തിയ അന്വേഷണം തുടരാനും ഇയാളുടെ വേരുകൾ കണ്ടെത്താനുമായി സുരക്ഷാ ഏജൻസികൾ വീണ്ടും ശ്രമമാരംഭിച്ചു. 2015-16-ൽ കൊല്ലപ്പെട്ടുവെന്ന് കരുതുന്ന ഇയാളെപ്പറ്റി മുമ്പും ചില വിവരങ്ങൾ അന്വേഷണ ഏജൻസികൾക്കു കിട്ടിയിരുന്നെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല.

‘അബൂബക്കർ അൽഹിന്ദി’ എന്ന പേര് സ്വീകരിച്ച ഇയാൾ കേരളത്തിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണു ജനിച്ചതെന്ന് ലേഖനം പറയുന്നു. മാതാപിതാക്കളുടെ ഏകമകനായിരുന്നു. ഏൻജിനിയറിങ് പഠനത്തിനുശേഷം ബെംഗളൂരുവിലും തുടർന്ന് ഗൾഫിലും ജോലി ലഭിച്ചു. അവിടെനിന്നണ് മതംമാറിയത്.

നാട്ടിലെത്തിയപ്പോഴാണ് ഇയാൾ മതംമാറിയ വിവരം വീട്ടുകാർ അറിയുന്നത്. ഇതിനിടയിൽ ലിബിയയിലേക്കു വഴി തുറന്നുകിട്ടിയിട്ടുണ്ടെന്ന ഐ.എസ്. പ്രവർത്തകരുടെ അറിയിപ്പുകിട്ടിയതോടെ ജോലിക്കെന്നുപറഞ്ഞു വീണ്ടും നാടുവിട്ടു. ലിബിയയിലെ ഐ.എസിന്റെ ശക്തികേന്ദ്രമായ സിർത്തെ സിറ്റി എതിർപക്ഷം ആക്രമിച്ചതോടെ തിരിച്ചടിക്കാൻ മുൻനിരയിൽ നിയോഗിക്കപ്പെട്ടത് ‘അബൂബക്കർ അൽഹിന്ദി’യായിരുന്നു- ലേഖനം വിശദീകരിക്കുന്നു.

ലിബിയയിൽ ചാവേറായി പൊട്ടിത്തെറിച്ച അബൂബക്കർ അൽഹിന്ദിയുടെ കേരളത്തിലെ വേരുകൾ കണ്ടെത്തേണ്ടത് സുരക്ഷാ ഏജൻസികളെ സംബന്ധിച്ചു നിർണായകമാണ്. എങ്കിലേ കൂടുതൽപ്പേർ ഇയാൾക്കൊപ്പം കേരളത്തിൽനിന്നോ ഇന്ത്യയുടെ മറ്റേതെങ്കിലും പ്രദേശത്തുനിന്നോ ഐ.എസിലേക്കു പോയിട്ടുണ്ടോ എന്നു കണ്ടുപിടിക്കാൻ സാധിക്കൂ.

അതു കണ്ടെത്താൻ വൈകുംതോറും അവർ ഇന്ത്യയിലേക്കു തിരിച്ചുവന്ന് കൂടുതൽപ്പേരെ ആകർഷിച്ചുകൊണ്ടുപോകാനും ഇന്ത്യയിൽത്തന്നെ ഐ.എസിന്റെ പ്രവർത്തനങ്ങൾ നടത്താനും സാധ്യതയേറെയാണെന്ന് ഏജൻസികൾ കരുതുന്നു.

കേരളത്തിൽനിന്ന് ഐ.എസിലേക്കു പോയ നൂറോളംപേരുടെ വിവരങ്ങൾ സുരക്ഷാ ഏജൻസികളുടെ പക്കലുണ്ട്. കൂടുതൽ ആളുകളുണ്ടാകുമെന്നും സംശയമുണ്ട്. രക്തസാക്ഷികൾ എന്നു പ്രഖ്യാപിച്ച്, അവരുടെയൊക്കെ നാടുകളിൽ ഐ.എസിന്റെ പ്രവർത്തനം ശക്തമാക്കാനാണ് ‘വോയ്‌സ് ഓഫ് ഖുറസാൻ’ ഇവരെയൊക്കെ പ്രകീർത്തിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.