1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2022

സ്വന്തം ലേഖകൻ: നിലവില്‍ ഖത്തറിലെ കെട്ടിടവാടകയില്‍ അനുഭവപ്പെടുന്ന വലിയ തോതിലുള്ള വര്‍ധനവ് താല്‍ക്കാലികമാണെന്നും അടുത്ത വര്‍ഷത്തോടെ അത് വീണ്ടും കുറയുമെന്നും റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട സിറ്റിസ്‌കേപ്പ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് 2022ലാണ് ഇക്കാര്യമുള്ളത്. ലോകകപ്പിന് മുന്നോടിയായി അനുഭവപ്പെടുന്ന കെട്ടിട വാടക വര്‍ധന അധികകാലം നിലനില്‍ക്കാന്‍ ഇടയില്ലെന്നും ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പുതിയ പ്രവണതയെ കുറിച്ച് നടത്തിയ പഠനത്തില്‍ പറയുന്നു.

ഫുട്‌ബോള്‍ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ താമസ സ്ഥലങ്ങളുടെ ഡിമാന്റിലുണ്ടായ വലിയ വര്‍ധനവാണ് ഈ വര്‍ഷം ഖത്തറിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ മാറ്റത്തിനു കാരണം. 2015നു ശേഷം ഇതാദ്യമായാണ് ഖത്തറിലെ കെട്ടിട വാടകയില്‍ ഇത്ര വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നത്. ലോകകപ്പ് സമാപിക്കുന്നതോടെ കെട്ടിട വാടകയിലും വലിയ രീതിയിലുള്ള കുറവുണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഖത്തര്‍ ലോകകപ്പ് രാജ്യത്തെ റിയല്‍ എസ്റ്റേറ്റില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചാണ് റിപ്പോര്‍ട്ട് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

എന്നാല്‍ 2023ല്‍ വാടക കുറയുമെന്നതിനാല്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് താസമക്കാരുമായി കരാറില്‍ ഏര്‍പ്പെടാനായിരിക്കും കെട്ടിട ഉടമകള്‍ ശ്രമിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകകപ്പിനായി എത്തുന്ന സന്ദര്‍ശകര്‍ക്കായി ഖത്തറില്‍ വലിയ തോതില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍, ഹോട്ടലുകള്‍, വില്ലകള്‍, റീട്ടെയില്‍ മാളുകള്‍, എന്നിവ 2010നും 2022നുമിടയില്‍ നിര്‍മിക്കപ്പെടുകയുണ്ടായി. രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് വലിയ കുതിപ്പാണ് ഇതോടെ ഉണ്ടായത്. ലോകകപ്പോടെ കെട്ടിട വാടക കുറയുമെന്നതിനാല്‍ 2023ല്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് വലിയ വളര്‍ച്ച ഉണ്ടാവാനിടയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ കെട്ടിടങ്ങള്‍ പൂര്‍ണമായി ഉപയോഗിക്കപ്പെടുകയും കൂടുതല്‍ പേര്‍ ആവശ്യക്കാരായി വരികയും ചെയ്യുന്നതോടെ മാത്രമേ ഖത്തറിലെ വീട്ടുവാടകയില്‍ വീണ്ടുമൊരു വര്‍ധനവ് ഉണ്ടാവുകയുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 30 ശതമാനത്തിലേറെ വര്‍ധനവാണ് കെട്ടിട വാടകയുടെ കാര്യത്തില്‍ ഖത്തറില്‍ ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ ഏഴ് ശതമാനം വരെയായിരുന്നു വര്‍ധന. എന്നാല്‍ രണ്ടാം പാദത്തോടെ അത് കൂടുതല്‍ ശക്തമാവുകയായിരുന്നു. അതേസമയം, ലോകകപ്പ് മല്‍സരം അടുക്കുന്നതിന് അനുസൃതമായി താമസ കെട്ടിടങ്ങളുടെ വാടക ഇനിയും കൂടാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.