സ്വന്തം ലേഖകൻ: സമൂഹമാധ്യമത്തിലൂടെ ലോകശ്രദ്ധ നേടിയ ഖാബാനി ലെയിമിന് ഇറ്റാലിയൻ പൗരത്വം ലഭിച്ചു. സെനഗലിൽ നിന്നും ഇറ്റലിയിലേക്ക് കുടിയേറിയതാണ് ഖാബാനിയുടെ കുടുംബം. അന്ന് ഒരു വയസ്സുണ്ടായിരുന്ന ഖാബാനിക്ക് രണ്ടു പതിറ്റാണ്ട് പിന്നിട്ടിട്ടും ഇറ്റലിയൻ പൗരത്വം ലഭിച്ചിട്ടില്ലെന്നത് വാർത്തയായിരുന്നു. ഏറെ വൈകാതെയാണ് പൗരത്വം എന്ന ഖാബാനിയുടെ സ്വപ്നം പൂവണിഞ്ഞത്.
ഇറ്റലിയിൽ നിയമങ്ങൾ ശക്തമായതാണ് പൗരത്വം ലഭിക്കാൻ വൈകിയതിനു കാരണമെന്നാണ് അധികൃതർ വ്യക്തമാക്കി. ഇറ്റലിക്കാര്‍ അല്ലാത്തവരുടെ മക്കൾക്ക് 18 വയസ്സിനുശേഷം മാത്രമേ പൗരത്വത്തിന് അപേക്ഷിക്കാനാവൂ. ടിക്ടോക് താരമായതുകൊണ്ട് യാതൊരു പരിഗണനയും നൽകിയിട്ടില്ലെന്നും ഖാബാനി എല്ലാം നടപടിക്രമങ്ങളും പൂർത്തിയാക്കിയെന്നും ഇറ്റാലിയൻ ആഭ്യന്തരവകുപ്പ് അറിയിച്ചു. പൗരത്വം ലഭിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്നും ഖാബാനി പ്രതികരിച്ചു.
‘ഖാബി ലെയിം’ എന്ന ഇയാളുടെ അക്കൗണ്ടിനാണ് ടിക്ടോക്കിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളത്. 14.8 കോടി. ഒന്നും മിണ്ടാതെയാണ് ഇത്രയേറെ ഫോളോവേഴ്സിനെ ഇയാൾ സ്വന്തമാക്കിയതെന്ന പ്രത്യേകതയുമുണ്ട്. എളുപ്പം ചെയ്യാനാവുന്ന കാര്യങ്ങൾ സങ്കീർണമാക്കി വിഡിയോ ചെയ്യുന്നവരെ ട്രോളിയാണ് ഖാബി ശ്രദ്ധേയനാകുന്നത്. ഭാവങ്ങളും ആംഗ്യങ്ങളുമാണ് ഇതിനായി ഉപയോഗിച്ചത്. ഈ വിഡിയോകൾ ദേശവും ഭാഷയും കടന്ന് സഞ്ചരിച്ചതോടെ ഖാബി പ്രശസ്തിയുടെ കൊടുമുടിയിലേക്ക് ഉയർന്നു.
ഫാക്ടറി ജീവനക്കാരനായിരുന്നു ഖാബി. കോവിഡ് വ്യാപനത്തെത്തുടർന്ന് ലോക്ഡൗൺ വന്നതോടെ ജോലി നഷ്ടപ്പെട്ടു. അങ്ങനെയിരിക്കുമ്പോഴാണ് ടിക്ടോക്കിൽ അക്കൗണ്ട് തുടങ്ങുന്നത്. 2020 മാർച്ചില്‍ ആരംഭിച്ച അക്കൗണ്ടിലെ ഫോളോവേഴസ് അതിവേഗം കുതിച്ച് ഒന്നര വർഷം കൊണ്ട് 10 കോടി പിന്നിട്ടു. യൂറോപ്പിൽ ആദ്യമായും ലോകത്ത് രണ്ടാമതും ഈ നേട്ടത്തിലെത്തിയ വ്യക്തിയായി. അമേരിക്കക്കാരി ചാര്‍ലി ഡി അമേലിയോ ആയിരുന്നു അന്ന് ഒന്നാം സ്ഥാനത്ത്. എന്നാൽ ഖാബി കുതിപ്പ് തുടർന്നതോടെ ഏറെ വൈകാതെ ചാര്‍ലി രണ്ടാം സ്ഥാനത്തായി. ഇന്‍സ്റ്റഗ്രാമിൽ 7.8 കോടി ഫോളോവേഴ്സും ഖാബിക്കുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല