1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2022

സ്വന്തം ലേഖകൻ: തൊഴില്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണ ശ്രമങ്ങള്‍ ശക്തമായി തുടരുന്ന ഒമാനില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ കൂടുതല്‍ ജോലികള്‍ ഒമാനികള്‍ക്ക് നല്‍കാനുള്ള തീരുമാനവുമായി അധികൃതര്‍. ഈ വര്‍ഷം 33,000 ഒമാനികള്‍ക്ക് വിവിധ മേഖലകളിലായി തൊഴില്‍ കണ്ടെത്തി നല്‍കാനാണ് തീരുമാനം. നിലവില്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന തസ്തികകളില്‍ നിന്ന് ഘട്ടം ഘട്ടമായി പ്രവാസികളെ ഒഴിവാക്കി ആ ജോലികള്‍ സ്വദേശികള്‍ക്ക് നല്‍കാനാണ് തൊഴില്‍ മന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത്. രാജ്യത്തെ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാവുന്ന തീരുമാനമാണിത്.

ഈ വര്‍ഷം ആദ്യ പകുതിയില്‍ തന്നെ 23,000 ഒമാനികള്‍ക്ക് വിവിധ മേഖലകളിലായി ജോലി നേടിക്കൊടുക്കാന്‍ സാധിച്ചതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം 207 തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് വിദേശ ജോലിക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒമാന്‍ തൊഴില്‍ മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇവിടങ്ങളില്‍ നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികളെ പിരിച്ചുവിട്ട് അവിടെ ഒമാനികളെ നിയോഗിക്കാനാണ് തീരുമാനം. രാജ്യത്ത് സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

അതിനിടെ, രാജ്യത്തെ പ്രധാന അഞ്ച് സാമ്പത്തിക മേഖലകളില്‍ സ്വദേശി വല്‍ക്കരണം നല്ല രീതിയില്‍ പുരോഗമിക്കുന്നതായി ഒമാന്‍ നാഷനല്‍ സെന്‍റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. ബാങ്കുകള്‍, എണ്ണ ഉല്‍പ്പാദനം, ടെലി കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഷൂറന്‍സ്, ഹോസ്പിറ്റാലിറ്റി വ്യവസായം എന്നീ മേഖലകളിലാണ് കൂടുതല്‍ സ്വദേശിവല്‍ക്കരണം നടപ്പിലായതായി കണക്കുകള്‍ പറയുന്നത്.

രാജ്യത്തെ കമേഴ്ഷ്യല്‍ ബാങ്കുകളിലാണ് ഏറ്റവും കൂടുതല്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയിരിക്കുന്നത്. നിലവില്‍ 94.4 ശതമാനമാണ് ഈ മേഖലയിലെ സ്വദേശിവല്‍ക്കരണത്തിന്‍റെ തോത്. 2020ല്‍ 93.7 ശതമാനമായിരുന്നു ഇതിന്‍റെ നിരക്ക്. നാഷനല്‍ സെന്‍ററിന്‍റെ കണക്കുകള്‍ പ്രകാരം 11,000ത്തിലേറെ ഒമാനികളാണ് രാജ്യത്തെ ബാങ്കുകളില്‍ ജോലി ചെയ്യുന്നത്. സ്വദേശി വല്‍ക്കരണത്തില്‍ രണ്ടാം സ്ഥാനത്തുള്ള എണ്ണ, വാതക കമ്പനികളില്‍ 88.1 ശതമാനമാണ് ഒമാനിവല്‍ക്കരണത്തിന്‍റെ തോത്. 2020ല്‍ ഇത് 85.5 ശതമാനമായിരുന്നു. നിലവില്‍ ആകെ 17,000ത്തിലേറെ സ്വദേശികളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്.

കോവിഡ് കാലത്ത് എണ്ണ വിലയിലുണ്ടായ വലിയ തോതിലുള്ള ഇടിവ് എണ്ണ ഉല്‍പ്പാദന മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചത് ഈ മേഖലയിലെ തൊഴിലുകളിലും വലിയ തോതില്‍ പ്രതിഫലിച്ചിരുന്നു. എന്നാല്‍ ഈ കമ്പനികളില്‍ ജോലി ചെയ്തിരുന്ന പ്രവാസികളെ പിരിച്ചുവിട്ടാണ് ഇവ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം കണ്ടത്. ടെലകോം മേഖലയില്‍ ആകെയുള്ള 3,764 ജീവനക്കാരില്‍ 3,479 പേരും ഒമാനികളാണ്. ഇന്‍ഷൂറന്‍സ് മേഖലയില്‍ 2020ല്‍ 78.8 ശതമാനമായിരുന്നു സ്വദേശിവല്‍ക്കരണ നിലക്കെങ്കില്‍ ഇപ്പോഴത് 81.9 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. മേഖലയില്‍ ജോലി ചെയ്യുന്ന 3,006 പേരില്‍ 2,463 പേര്‍ ഒമാനികളാണെന്നാണ് കണക്കുകള്‍. ഇന്‍ഷൂറന്‍സ് ഏജന്റുമാരാവട്ടെ എല്ലാവരും സ്വദേശികളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.