അലക്സ് വർഗ്ഗീസ്സ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): വാൽസാളിൽ ചേർന്ന യുക്മ ദേശീയ സമിതിയുടെ ആദ്യയോഗം യുക്മ ടൂറിസം ക്ളബ്ബ് വൈസ് ചെയർമാനായി കവൻട്രി കേരള കമ്മ്യുണിറ്റി മുൻ പ്രസിഡൻറ് ജോൺസൺ പി യോഹന്നാനെ തിരഞ്ഞെടുത്തു. യുക്മ ദേശീയ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ ചെയർമാനായുള്ള ടൂറിസം ക്ളബ്ബിന്റെ അടുത്ത രണ്ട് വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ജോൺസൺ പി യോഹന്നാനായിരിക്കും.
ഇന്ത്യയേയും വിശേഷിച്ച് കേരളത്തേയും ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം ഡെസ്റ്റിലേഷനുകളിൽ ഒന്നായി ബ്രിട്ടീഷുകാർക്ക് പരിചയപ്പെടുത്തുക, വ്യത്യസ്തങ്ങളായ കലാ സാംസ്കാരിക പ്രവർത്തനങ്ങളെ ഇരു രാജ്യങ്ങളിലേയും ജനങ്ങൾക്ക് വിശേഷിച്ച് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും പരിചയപ്പെടുത്തുക എന്നിങ്ങനെ നിരവധി പരിപാടികളാണ് ടൂറിസം ക്ളബ്ബിലൂടെ വിഭാവനം ചെയ്യുന്നത്. ഇൻഡ്യാ ടൂറിസം ഡിപ്പാർട്ട്മെൻറ്, കേരള ടൂറിസം ഡിപ്പാർട്ട്മെൻറ് എന്നിവരുടെ സഹകരണത്തോടെയാണ് ടൂറിസം ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ.
കവൻട്രി കേരള കമ്മ്യുണിറ്റിയുടെ പ്രസിഡൻറ്, സെക്രട്ടറി സ്ഥാനങ്ങളിൽ വളരെ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുള്ള ജോൺസൺ ഒരു മികച്ച സംഘാടകനാണ്. യുക്മ മിഡ്ലാൻഡ്സ് റീജിയൻ ചാരിറ്റി കോർഡിനേറ്റർ എന്ന നിലയിൽ ഊർജ്ജസ്വലമായ നേതൃത്വം നിർവ്വഹിച്ച ജോൺസൺ, നേപ്പാൾ ഭൂകമ്പ ദുരിത ബാധിതരെ സഹായിക്കാൻ യുക്മ നടത്തിയ ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചു.
യുക്മ ടൂറിസം ക്ളബ്ബ് വൈസ് ചെയർമാൻ എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെയ്ക്കുവാൻ ജോൺസണ് കഴിയട്ടെയെന്ന് യുക്മ പ്രസിഡൻറ് ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജ് എന്നിവർ ആശംസിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല