1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2022

സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ റമ്മികള്‍ അടക്കമുള്ള ഗെയിമുകള്‍ ശക്തമായി നിയന്ത്രിക്കുന്നതിനുള്ള പഴുതടച്ചതും ഫലപ്രദവുമായ നിയമഭേദഗതി സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓണ്‍ലൈന്‍ റമ്മികളിയ്ക്ക് നിലവില്‍ നിരോധനമില്ലാത്ത സാഹചര്യത്തില്‍ പോലീസ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ സ്‌കൂളുകളിലും കോളേജുകളിലുമടക്കം ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരികയാണ്. ഓണ്‍ലൈന്‍ റമ്മികളിയുടെ പേരിലുള്ള തട്ടിപ്പുകള്‍ക്കും മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ നിലവിലുള്ള നിയമമനുസരിച്ച് ശക്തമായ നടപടികള്‍ പോലീസ് സ്വീകരിച്ചുവരുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി നിരവധി പേരെ വന്‍ സാമ്പത്തിക ബാധ്യതയിലേയ്ക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിട്ട സാഹചര്യത്തില്‍ 2021 ഫെബ്രുവരിയില്‍ 1960-ലെ കേരളാ ഗെയിമിംഗ് ആക്ട് ഭേദഗതി ചെയ്ത്, പന്തയം വച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി നിരോധിക്കുകയുണ്ടായി. എന്നാല്‍ ഇതിനെതിരെ വിവിധ ഗെയിമിംഗ് കമ്പനികള്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജികളിലെ 27.09.2021-ലെ വിധിന്യായപ്രകാരം ബഹു: ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പ്രസ്തുത ഭേദഗതി റദ്ദാക്കി. ഇതിനെതിരെ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീല്‍ ബഹു: ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കുട്ടികളടക്കം ഏത് പ്രായത്തിലുള്ളവര്‍ക്കും ലളിതമായും സൗജന്യമായും അക്കൗണ്ട് തുടങ്ങാവുന്ന തരത്തിലാണ് ഓണ്‍ലൈന്‍ ഗെയിം സൈറ്റുകള്‍. വന്‍ സമ്മാന തുക വാഗ്ദാനം ചെയ്തും ആകര്‍ഷകമായ ഓഫറുകള്‍ നല്‍കിയുമാണ് ആള്‍ക്കാരെ ആകര്‍ഷിക്കുന്നത്. ആദ്യം ഫ്രീ ഗെയിമുകള്‍ക്ക് ഓഫര്‍ നല്‍കുകയും പിന്നീട് അടിമപ്പെടുത്തി ചൂതാട്ടത്തിലേക്ക് നയിക്കുന്നതുമാണ് ഗെയിമിംഗ് കമ്പനികളുടെ രീതി. ഇതിന്റെ അഡ്മിന്മാര്‍ നിരന്തരം കളി നിരീക്ഷിക്കുകയും കൂടുതല്‍ കളിക്കുന്നതിനുള്ള പ്രേരണ നല്‍കുകയും ചെയ്യും. പിന്നീട് ഇതിലെ ചതിക്കുഴികളില്‍ നിന്നു രക്ഷപ്പെടാനാവാത്ത സ്ഥിതിയിലേക്ക് വീഴുകയും ചെയ്യുകയാണ് ഉണ്ടാവുക. എതിര്‍ഭാഗത്ത് ആരാണ് കളിയ്ക്കുന്നത് എന്നതിന് യാതൊരു വ്യക്തതയുമില്ല. നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമുകളാണ് എതിര്‍ഭാഗത്ത് കളി നിയന്ത്രിക്കുന്നത് എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ഓണ്‍ലൈന്‍ റമ്മികളിയ്ക്ക് പ്രചാരമേറിയതോടെ ഇതിനായി വായ്പ നല്‍കുന്ന മൊബൈല്‍ ആപ്പുകളും ഓണ്‍ലൈന്‍ വായ്പാ പരസ്യങ്ങളും വ്യാപകമായി. ചെറിയ കളികളിലൂടെ പണം നഷ്ടപ്പെട്ടവര്‍ വായ്പയെടുത്ത് കളിയ്ക്കുന്ന നിലയുണ്ട്. പണം സമയത്ത് തിരികെ നല്‍കാത്തതുമൂലം പലര്‍ക്കും ഭീഷണിയും ബ്ലാക്ക്മെയിലിങ്ങും നേരിടേണ്ടിവരികയും ലക്ഷങ്ങള്‍ നഷ്ടമാകുന്നതോടെ ആത്മഹത്യയിലേയ്ക്ക് പോകുന്ന സാഹചര്യവുമാണ് ഉണ്ടാകുന്നത്.

അതേസമയം ഒരു ഭാഗത്ത് ഓണ്‍ലൈന്‍ റമ്മിയിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായി വന്‍തോതില്‍ പരസ്യപ്രചാരണവും നടക്കുന്നു. കലാരംഗത്തെ പ്രമുഖര്‍ ഇത്തരം പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ഓണ്‍ലൈന്‍ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്ന ദൗര്‍ഭാഗ്യകരമായ സ്ഥിതിയുമുണ്ട്. സാമൂഹ്യവിപത്തിന് കൂട്ടുനില്‍ക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് ചിലരെങ്കിലും പിന്മാറാന്‍ തയ്യാറായത് അനുകരണീയമായ മാതൃകയാണ്.

ഓണ്‍ലൈന്‍ റമ്മികളിയ്ക്ക് നിലവില്‍ നിരോധനമില്ലാത്ത സാഹചര്യത്തില്‍ പോലീസ് ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ സ്‌കൂളുകളിലും കോളേജുകളിലുമടക്കം ശക്തമായ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരികയാണ്. സോഷ്യല്‍ പോലീസിംഗ് സംവിധാനവും, സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ വിവിധ പദ്ധതികള്‍ വഴിയും, മാധ്യമങ്ങള്‍ മുഖേനയുമുള്ള ബോധവല്‍ക്കരണവും നടത്തിവരുന്നുണ്ട്.

ഓണ്‍ലൈന്‍ റമ്മികളിയുടെ പേരിലുള്ള തട്ടിപ്പുകള്‍ക്കും മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ നിലവിലുള്ള നിയമമനുസരിച്ച് ശക്തമായ നടപടികള്‍ പോലീസ് സ്വീകരിച്ചുവരുന്നുണ്ട്. അതോടൊപ്പം ബഹു: ഹൈക്കോടതിയുടെ അന്തിമവിധിക്ക് വിധേയമായി റമ്മി ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ ശക്തമായി നിയന്ത്രിക്കുന്നതിനുള്ളപഴുതടച്ചതും ഫലപ്രദവുമായ നിയമഭേദഗതി സര്‍ക്കാരിന്റെ പരിഗണനയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.