സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ ഭാവിയിൽ ഉണ്ടാകാനിടയുള്ള ജനിതക വകഭേദങ്ങൾ കൂടുതൽ വ്യാപനശേഷിയുള്ളതാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് ടെക്നിക്കൽ ലീഡ് ഡോ. മരിയ വാൻ കെർഖോവ്. പരിശോധനകളും നിരീക്ഷണവും ജനിതക സീക്വൻസിങ്ങും കുറഞ്ഞത് പുതിയ വകഭേദങ്ങളെ കണ്ടെത്താനുള്ള നമ്മുടെ ശേഷിയെ ബാധിച്ചിട്ടുണ്ടെന്നും ഡോ. മരിയ ട്വിറ്ററിൽ കുറിച്ചു.
ഈ വർഷത്തിന്റെ തുടക്കം മുതൽ ഒമിക്രോൺ ആണ് കൊറോണ വൈറസിന്റെ പ്രബല വകഭേദം. ഇതിന് തന്നെ ബിഎ1, ബിഎ2, ബിഎ3, ബിഎ4, ബിഎ5 എന്നിങ്ങനെ പല വകഭേദങ്ങളുണ്ടായി. ബിഎ5 വകഭേദം 121 രാജ്യങ്ങളിലും ബിഎ4 വകഭേദം 103 രാജ്യങ്ങളിലും ഇപ്പോൾ പ്രബല കോവിഡ് വകഭേദമാണ്. 2020 ൽ കോവിഡ് മഹാമാരി ആരംഭിച്ചതു മുതൽ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, ഒമിക്രോൺ എന്നിങ്ങനെ ആശങ്ക പരത്തുന്ന നിരവധി വകഭേദങ്ങൾ കൊറോണ വൈറസിനുണ്ടായി. ഇതിൽ ഇന്ത്യയിൽ ഏറ്റവും മാരകമായ കോവിഡ് തരംഗത്തിന് കാരണമായത് ഡെൽറ്റ വകഭേദമാണ്. ഇനിയും ഇത്തരത്തിലുള്ള മാരക വകഭേദങ്ങൾ കൊറോണ വൈറസിന് ഉണ്ടാകാമെന്നാണ് ഡോ. മരിയ മുന്നറിയിപ്പ് നൽകുന്നത്.
ഭാവി വകഭേദങ്ങൾക്ക് കൂടുതൽ വ്യാപനശേഷിയും മനുഷ്യരുടെ പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രക്ഷപ്പെടാനുള്ള കഴിവും ഉണ്ടാകാമെന്നും അവയുടെ തീവ്രത കൂടുതലോ കുറവോ ആകാമെന്നും അവർ പ്രവചിക്കുന്നു. ഇതുവരെ കണ്ടെത്തിയതിലും വച്ച് ഏറ്റവുമധികം വ്യാപനശേഷിയുള്ള കൊറോണ വൈറസ് വകഭേദം ഒമിക്രോൺ ആണെങ്കിലും ഈ വൈറസ് മൂലമുള്ള രോഗതീവ്രത വളരെ കുറവാണ്.
പുതിയ വകഭേദങ്ങളെ കണ്ടെത്തുന്നതിൽ പരിശോധനയും സാംപിളുകളുടെ സീക്വൻസിങ്ങും നിർണായകമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കോവിഡ് തീവ്രത കുറയ്ക്കുന്നതിൽ വാക്സിനുകള്‍ നിർണായക പങ്ക് വഹിച്ചതായും ഡോ. മരിയ അഭിപ്രായപ്പെട്ടു. റിസ്ക് കൂടിയ ജനവിഭാഗങ്ങളിൽ കോവിഡ് വാക്സീന്റെ ശുപാർശ ചെയ്യപ്പെട്ട എല്ലാ ഡോസുകളും എത്തിക്കാനും അവര്‍ ലോകരാജ്യങ്ങളോട് അഭ്യർഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല